pwd engineer and driver suspented on bribe case

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പരിസരത്തുവെച്ച് കൈക്കൂലി വാങ്ങിയെന്ന കേസില്‍ രണ്ടുപേരെ സസ്‌പെന്റ് ചെയ്തു.

പൊതുമരാമത്ത് തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെയും ഡ്രൈവറെയുമാണ് സസ്‌പെന്റ് ചെയ്തത്.

പിഡബ്ലുഡി എന്‍ജിനീയര്‍ ഷഹാന ബീഗത്തെയും ഡ്രൈവര്‍ പ്രവീണ്‍ കുമാറിനെയുമാണ് കൈക്കൂലി വാങ്ങിയെന്ന കേസില്‍ സസ്‌പെന്റ് ചെയ്തത്. മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

ഫെബ്രുവരി മൂന്നിന് വൈകിട്ട് എഞ്ചിനീയര്‍ അവരുടെ ഔദ്യോഗിക വാഹനത്തില്‍ സെക്രട്ടേറിയറ്റിലെ ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി എത്തിയപ്പോള്‍ കോണ്‍ട്രാക്ടറില്‍ നിന്നും കൈക്കൂലി വാങ്ങി എന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിരുന്നു.

പ്രസ്തുത സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രി നടപടി എടുത്തത്.

സെക്രട്ടേറിയറ്റ് പരിസരത്തുവെച്ച് പരസ്യമായി കൈക്കൂലി നല്‍കിയ കോണ്‍ട്രാക്ടര്‍ സിജോ(ആലീസ് ഫയര്‍ ഫൈറ്റിംഗ് സിസ്റ്റം) എന്ന വ്യക്തിയുടെയും, അയാളോടൊപ്പമുണ്ടായിരുന്നവരുടെയും, കൈക്കൂലി വാങ്ങിയ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെയും, ഡ്രൈവറുടെയും പേരില്‍ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്നും മന്ത്രി ജി. സുധാകരന്‍ നിര്‍ദ്ദേശം നല്‍കി.

സസ്‌പെന്‍ഷനിലായ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അനധികൃത സമ്പാദ്യത്തെപ്പറ്റി അന്വേഷിക്കും. ഇലക്ട്രിക്കല്‍ എക്‌സിക്യൂട്ടീവ്എന്‍ജിനീയറുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ഉടന്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ജി സുധാകരന്‍ നിര്‍ദ്ദേശിച്ചു.

Top