തിരുവനന്തപുരം: റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതില്‍ ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡ് കുളമാക്കുന്നതിന് പ്രധാന ഉത്തരവാദി ജല അതോറിറ്റിയാണെന്ന് മന്ത്രി തുറന്നടിച്ചു. പൊട്ടിപൊളിഞ്ഞ റോഡുകള്‍ നന്നാക്കത്തതില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജല അതോറിറ്റി പൈപ്പിടാന്‍ വേണ്ടി കുഴിച്ച റോഡ് പലയിടത്തും അതേപടി കിടക്കുന്നുണ്ട്. പല പ്രാവശ്യം ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചതാണ്. കുത്തിപ്പൊളിച്ച റോഡുകള്‍ പഴയ പടിയിലാക്കാന്‍ കുത്തിപ്പൊളിച്ചവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. കുടിവെള്ളത്തിന്റെ കാര്യത്തിന് റോഡ് കുത്തിപ്പൊളിക്കുകയാണെങ്കില്‍ ജല അതോറിറ്റി അത് പഴയ സ്ഥിതിയാക്കണം.
ജല അതോറിറ്റി വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുഴി മൂടാത്തതില്‍ കോടതി വിമര്‍ശിച്ച റോഡുകളില്‍ ഒന്നുമാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പരമാര്‍ശം ഗൗവരവകരമാണെന്നും വിഷയത്തില്‍ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു. കുടിവെള്ള പദ്ധതിയ്ക്കായി കുഴിക്കുന്ന റോഡുകള്‍ ഉടന്‍ തന്നെ മൂടുന്നതിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ട്. പ്രവൃത്തി നടത്തി പൈപ്പുകളിട്ട് ടെസ്റ്റ് നടത്താതെ മൂടാനാവില്ലെന്നും അങ്ങനെ ചെയ്താല്‍ പരിശോധനയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വീണ്ടും പൊളിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടെയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
നിര്‍ത്താതെ പെയ്യുന്ന മഴയാണ് അറ്റകുറ്റപണിക്ക് തടസമാകുന്നത്. മഴയല്ലാതെ ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് പണി നടക്കാത്തത് ചൂണ്ടിക്കാണിച്ചാല്‍ നടപടിയെടുക്കാന്‍ തയാറാണെന്നും മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റോഡിന്റെ നിര്‍മാണം നടത്തിയ കരാറുകാരെ കൊണ്ട് തന്നെ കുഴിയടപ്പിക്കുന്നതിനുള്ള നടപടികള്‍ അടുത്തദിവസം തന്നെ ആരംഭിക്കുമെന്നും കരാറുകാരന്റ ഊഴം കഴിഞ്ഞാലും കുഴിയടയ്ക്കാന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.