പാകിസ്താന്‍: പാകിസ്താന്റെ സൈനിക തലവനായി ലെഫ്റ്റനന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ചുമതലയേറ്റു. ജനറല്‍ റഹീല്‍ ഷെരീഫ് വിരമിച്ച പശ്ചാത്തലത്തിലാണ് സൈനീക പരിശീലന വിഭാഗം മേധാവിയായിരുന്ന ജാവേദ് ബജ്‌വയെ സൈനിക മേധാവിയായി നിയമിച്ചത്.
പാകിസ്താന്റെ ശാന്തത ബലഹീനതയായാണ് കരുതുന്നതെങ്കില്‍ അത് അപകടമാണെന്ന് ഇന്ത്യ മനസിലാക്കണമെന്ന് വിരമിക്കല്‍ പ്രസംഗത്തില്‍ മുന്‍ സൈനിക തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് പറഞ്ഞു.
സൈനിക മേധാവിയായി സേവനമനുഷ്ടിച്ച കാലയളവിലെ നേട്ടങ്ങളും ഇന്ത്യക്കെതിരായുള്ള വിമര്‍ശനങ്ങളുമടങ്ങിയ ജനറല്‍ റഹീല്‍ ഷെരീഫിന്റെ വിരമിക്കല്‍ പ്രസംഗത്തിനുശേഷമായിരുന്നു അധികാര കൈമാറ്റ ചടങ്ങ് നടന്നത്.
പാകിസ്താന്‍ ജനറല്‍ ഹെഡ് ക്വാട്ടേഴ്‌സിന് സമീപമുള്ള ആര്‍മി ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ജനറല്‍ റഹീല്‍ ഷെരീഫ് പുതിയ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വക്ക് ചുമതലകള്‍ കൈമാറിയത്.
പാകിസ്താന്‍ ദേശീയതയില്‍ ഏറെ പ്രധാന്യമുള്ള ബലൂച് റജിമെന്റില്‍ സേവനം ആരംഭിച്ച ജാവേദ് പാക് സൈന്യത്തിന്റെ ഏറ്റവും വലിയ സേനയായ ടെന്‍ കോര്‍പ്‌സിന്റെ ചുമതല വഹിച്ചിട്ടുണ്ട്.
രാഷ്ട്രീയപരമായി ഏറെ പ്രാധാന്യമുള്ള ഗില്‍ജിത്ത്ബാല്‍ട്ടിസ്താന്‍, പാക് അധിനിവേശ കശ്മീര്‍ എന്നിവിടങ്ങളിലും സൈനിക മേധാവിയായി സേവനം അനുഷ്ടിച്ച വ്യക്തിയാണ് ജാവേദ്.
അഹമ്മദിയ വിഭാഗക്കാരനായ ജാവേദിന്റെ നിയമനത്തില്‍ ശിയ, സുന്നി വിഭാഗങ്ങള്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്