ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഒത്തു തീര്‍പ്പുകള്‍ക്ക് തയ്യാറാണെന്ന് ഖത്തര്‍ അമീര്‍

ദോഹ: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഏത് വിധമുള്ള ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാണെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി.

ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയശേഷം ആദ്യമായി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അമീര്‍.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ തുടങ്ങിയ അയല്‍ ഗള്‍ഫ് രാജ്യങ്ങളുമായി നയതന്ത്ര തലത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് തങ്ങള്‍ സന്നദ്ധമാണെന്ന് അമീര്‍ അറിയിച്ചു.

ഖത്തറിനെതിരെയുള്ള ഉപരോധം നീക്കാന്‍ അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തര്‍ തീവ്രവാദികളെ സഹായിക്കുന്ന രാജ്യമാണെന്ന ആരോപണം നിഷേധിച്ച അമീര്‍ ഖത്തറിനെതിരായ വ്യാജപ്രചാരണങ്ങളെ തള്ളിക്കളഞ്ഞു.

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്കു നന്ദിപറഞ്ഞ അമീര്‍ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇരുരാജ്യങ്ങളിലെയും സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ തീവ്രവാദികള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നു എന്നാരോപിച്ചു യുഎഇ , സൗദി, ബഹ്‌റൈന്‍, ഈജ്യപത് എന്നീ രാജ്യങ്ങളാണ് ഖത്തറിന് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ജൂണ്‍ അഞ്ചു മുതലാണ് ഈ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്.

തുര്‍ക്കിയിലെ സൈനിക താവളങ്ങള്‍ അടയ്ക്കുക, മുസ്‌ലിം ബ്രദര്‍ഹുഡുമായുള്ള ബന്ധം അവസാനിപ്പിക്കുക, അല്‍ ജസീറാ ചാനല്‍ അടച്ചു പൂട്ടുക തുടങ്ങി 13 ആവശ്യങ്ങളായിരുന്നു ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കാന്‍ ആദ്യം അറബ് രാജ്യങ്ങള്‍ മുന്നോട്ടുവച്ചത്.

പിന്നീട്, സൗദി അടക്കമുള്ള രാജ്യങ്ങള്‍ ഇതില്‍ അയവു വരുത്തി. ഒടുവില്‍ വച്ച ആറു നിര്‍ദേശങ്ങളോട് ഖത്തര്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top