ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരില്‍ ഇന്ന് ഖത്തറും ജോര്‍ദാനും നേര്‍ക്കുനേര്‍

ദോഹ: ഒരു മാസക്കാലത്തോളം നീണ്ട ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരില്‍ ഇന്ന് ഖത്തറും ജോര്‍ദാനും നേര്‍ക്കുനേര്‍. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ നിലവിലെ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുകയാണ് ഖത്തറിന്റെ ലക്ഷ്യം. ആദ്യമായി ഏഷ്യന്‍ കപ്പിന്റെ ഫൈനല്‍ കളിക്കുന്ന ജോര്‍ദാന്‍ കിരീട നേട്ടം സ്വന്തമാക്കാനുറച്ചാണ് ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

അക്രം അഫീഫ്, അല്‍മോസ് അലി, ഹസന്‍ അല്‍ ഹൈദൂസ് തുടങ്ങിയ താരങ്ങളാണ് ഖത്തറിനായി പോരാടുന്നത്. എഹ്‌സാന്‍ ഹദാദ്, മൂസ അല്‍തമാരി, യാസാന്‍ അല്‍-അറബ് തുടങ്ങിയ താരങ്ങളിലാണ് ജോര്‍ദാന്റെ പ്രതീക്ഷ. ലോകകപ്പ് ഫൈനലിന് വേദിയായ സ്റ്റേഡിയത്തില്‍ വീണ്ടുമൊരു ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. ഇത്തവണ ആരാണ് രാജക്കന്മാരെന്ന് കാത്തിരുന്ന് കാണാം.

ഫിഫ റാങ്കിങ്ങില്‍ 87-ാം സ്ഥാനത്താണ് ജോര്‍ദാന്‍. എന്നാല്‍ 23-ാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണ കൊറിയയെ സെമിയില്‍ തോല്‍പ്പിച്ച ആത്മവിശ്വാസം ജോര്‍ദാനുണ്ട്. 58 ആണ് ഫിഫ റാങ്കിങ്ങില്‍ ഖത്തറിന്റെ സ്ഥാനം. ഇരുടീമുകളും മുന്‍പ് ഒന്‍പത് തവണ ഏറ്റുമുട്ടിയിരുന്നു. ആറിലും ഖത്തര്‍ സംഘം വിജയം നേടി.

Top