എ.എഫ്.സി. ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ രണ്ടാം സെമിയില്‍ ഇറാനെ തകര്‍ത്ത് ആതിഥേയരായ ഖത്തര്‍. ഇറാന്റെ രണ്ടിനെതിരേ മൂന്ന് ഗോള്‍ നേടിയാണ് ഖത്തറിന്റെ ജയം. ഖത്തറിനായി ജസീം ഗാബര്‍ അബ്ദസ്സലാമും അക്രം അഫീഫും അല്‍മോയസ് അലിയുംഗോള്‍ നേടി. സര്‍ദാര്‍ അസ്മൗന്‍, അലി റസ ജാന്‍ബക്ഷ് എന്നിവരാണ് ഇറാനായി ഗോള്‍ നേടിയത്. ഫൈനലില്‍ ജോര്‍ദാനാണ് ഖത്തറിന്റെ എതിരാളി.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ഇറാന്റെ മുന്നേറ്റമാണ് ആദ്യം കാണാനായത്. ഖത്തര്‍ ഗോള്‍ കീപ്പറെയും പ്രതിരോധ നിരയെയും കാഴ്ചക്കാരാക്കിയുള്ള സര്‍ദാര്‍ അസ്മൗന്റെ കിടിലന്‍ കിക്കില്‍ ഇറാന്‍ ആദ്യ ലീഡ് നേടി (1-0). ത്രോവില്‍ ലഭിച്ച പന്ത് ഓവര്‍ ഹെഡ് കിക്കിലൂടെയാണ് വലയിലെത്തിച്ചത്. എന്നാല്‍ 11-ാം മിനിറ്റില്‍തന്നെ ഖത്തറിന്റെ മറുപടിയുണ്ടായി. ജസീം ഗാബര്‍ അബ്ദുല്‍ സലാമാണ് ഖത്തറിനായി ഗോള്‍ നേടിയത്.
43-ാം മിനിറ്റില്‍ മുന്നേറ്റ നിരക്കാരന്‍ അക്രം അഫീഫിന്റെ മികച്ച ഒരു ഗോളിലൂടെ ഖത്തര്‍ മുന്നിലെത്തി (2-1). ഇടതുവിങ്ങില്‍നിന്ന് ലഭിച്ച പന്തുമായി മുന്നോട്ടു നീങ്ങിയശേഷം പോസ്റ്റിലേക്ക് ഉതിര്‍ത്ത ഷോട്ട് പിഴച്ചില്ല. നാല് പ്രതിരോധക്കാര്‍ ഉണ്ടായിട്ടും അഫീഫിന്റെ മുന്നേറ്റത്തെ ഇറാന് തടയാനായില്ല. ആറു കളികളില്‍നിന്നായി താരത്തിന്റെ അഞ്ചാം ഗോളാണിത്. ഒന്നാംപകുതി ആ നിലയില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ഇറാന്‍ സമനില ഗോള്‍ നേടി. അലി റസ ജഹാന്‍ബക്ഷാണ് ഗോള്‍ നേടിയത്. ഗോള്‍ ലക്ഷ്യം തടയുന്നതിനിടെ ഫാത്തിയുടെ കൈയില്‍ പന്തുതട്ടി പെനാല്‍റ്റിയായി. ഇത് ജഹാന്‍ ബക്ഷി പിഴവില്ലാതെ വലയിലെത്തിക്കുകയായിരുന്നു (2-2). പിന്നീട് 82-ാം മിനിറ്റില്‍ അല്‍മോയിസ് അലിയുടെ വകയായിരുന്നു ഖത്തറിന്റെ വിജയഗോള്‍. 2019-ല്‍ കിരീടം നേടിയ ഖത്തര്‍ ടീമിന്റെ ഹീറോ വീണ്ടും രക്ഷകനാവുകയായിരുന്നു. ഇറാന്റെ പിഴവില്‍നിന്നാണ് അലിയുടെ ഗോള്‍ നേട്ടം (3-2).
ഇരു ടീമുകളു ആക്രമണ ഫുട്‌ബോള്‍ ശൈലിയാണ് പുറത്തെടുത്തത്. 93-ാം മിനിറ്റില്‍ ഷൊജേ ഖാലിസാദന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.