അബൂദബി: എ എഫ് സി ഏഷ്യാ കപ്പില്‍ ഖത്തറിന് കന്നി കിരീടം. കലാശക്കളിയില്‍ കരുത്തരായ ജപ്പാനെ തകര്‍ത്താണ് ഖത്തര്‍ കിരീടം നേടിയത്. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഖത്തര്‍ ചരിത്ര വിജയം തങ്ങളുടെ പേരില്‍ കുറിച്ചത്. അബൂദബിയിലെ സയിദ് സ്പോര്‍ട്സ് സിറ്റി മൈതാനിയില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തിയാണ് ഖത്തറിന്റെ സമ്മോഹന വിജയം.
അല്‍മോസ് അലി, അബ്ദുളാസിസ് ഹതേം, അക്രം അഫിഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. തകുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ഏകഗോള്‍. അഞ്ചു തവണ ഏഷ്യാ കപ്പ് സ്വന്തമാക്കിയ ടീമാണ് ജപ്പാന്‍.
കളിയുടെ ഇരു പകുതികളിലും നിറഞ്ഞു കളിച്ച ഖത്തറിനു വേണ്ടി ആദ്യ പകുതിയില്‍ അല്‍മോയിസ് അലി, അബ്ദുല്‍ അസീസ് ഹാതെം എന്നിവരാണ് ജപ്പാന്‍ വല ചലിപ്പിച്ചത്. യഥാക്രമം 12, 27 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. 82-ാം മിനുട്ടില്‍ അക്രം അഫിഫ് പെനാല്‍ട്ടിയിലൂടെ ഖത്തറിന്റെ വിജയമുറപ്പിച്ച് മൂന്നാം ഗോള്‍ നേടി. ജപ്പാന്‍ നായകന്റെ കൈ ബോക്സില്‍ വച്ച് പന്തില്‍ തട്ടിയതോടെ റഫറി പെനാല്‍ട്ടി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. 69ാം മിനുട്ടില്‍ ടാകുമി മിനോമി ജപ്പാന്റെ ആശ്വാസ ഗോള്‍ നേടി.