റഫാൽ യുദ്ധവിമാനം കുറഞ്ഞ വിലയ്ക്ക് ഖത്തറിന് ; ഇന്ത്യക്ക് നഷ്ട്ക്കച്ചവടമെന്ന് ആരോപണം

ന്യൂഡൽഹി : ഇന്ത്യൻ സേനയുടെ പ്രതിരോധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഫ്രാൻസിൽ നിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങാൻ തീരുമാനിച്ചിരുന്നു.

പുതിയ പദ്ധതി തുടക്കം മുതൽ വിവാദത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. ഇപ്പോൾ ഫ്രാൻസിൽ നിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യ വാങ്ങുന്നതു വീണ്ടും വിവാദത്തിൽ എത്തിയിരിക്കുന്നു.

റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഖത്തർ കഴിഞ്ഞ ദിവസം കരാർ ഒപ്പുവെച്ചിരുന്നു.

ഈ കരാറിൽ ഖത്തറിന് യുദ്ധവിമാനങ്ങൾ ലഭിക്കുന്നത് കുറഞ്ഞ വിലയ്ക്കാണെന്നും ഇന്ത്യയുടേതു നഷ്ടക്കച്ചവടം ആണെന്നുമാണ് പുതിയ ആരോപണം

ഖത്തറിന് ഒരു വിമാനം ഏകദേശം 700 കോടി രൂപയ്ക്കു (9 കോടി യൂറോ) നൽകുമ്പോൾ, അതേ വിമാനത്തിന് ഇന്ത്യ ഇരട്ടിയിലേറെ (24 കോടി യൂറോ– കരാർകാലത്തെ വിനിമയനിരക്കിൽ 1526 കോടി രൂപ) നൽകണം.

പുതിയ പദ്ധതിയുടെ കരാറിൽ അഴിമതി നടന്നെന്ന് ആരോപിക്കുന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് കൂടുതൽ വ്യക്തത നൽകുന്നതാണ് പുതിയ വിവരങ്ങൾ.

ഈജിപ്തും ഖത്തറുമാണ് റഫാൽ വിമാനങ്ങൾ മുൻപു വാങ്ങിയ രണ്ടു രാജ്യങ്ങൾ.

24 എണ്ണം 520 കോടി യൂറോയ്ക്കാണ് ഈജിപ്ത് വാങ്ങിയത്. ഒരു വിമാനത്തിനു ചെലവായത് 21.70 കോടി യൂറോ. 12 വിമാനങ്ങൾ കൂടി വാങ്ങുമെന്ന് ഈജിപ്ത് പ്രഖ്യാപിക്കുകയും ചെയ്തു.

ഖത്തർ ആദ്യഘട്ടമായി 630 കോടി യൂറോയ്ക്ക് 24 വിമാനങ്ങൾ വാങ്ങി. ഒരു വിമാനവില 26.2 കോടി യൂറോ. എന്നാൽ ഖത്തർ ഇപ്പോൾ വാങ്ങുന്ന 12 വിമാനങ്ങളിൽ ഒരെണ്ണത്തിന്റെ വില 9 കോടി യൂറോ മാത്രം. അതായത് അകെ വാങ്ങിയ 36 വിമാനത്തിന്റെ ശരാശരി കൂട്ടിയാലും 20.5 കോടി യൂറോയാണ് വില.

രണ്ടാം ഘട്ടത്തിൽ റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമ്പോൾ വിലയിൽ സാധാരണമായി ചില മാറ്റങ്ങൾ വരും.

എന്നാൽ ഖത്തറുമായുള്ള കരാറിലെ പുതിയ വിലയും ശരാശരി വിലയും പരിഗണിക്കുമ്പോൾ ഇന്ത്യ ഒരു വിമാനത്തിന് 24 കോടി യൂറോ നൽകേണ്ടി വന്നത് നഷ്ടമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 58,000 കോടി രൂപയ്ക്കാണ് (780 കോടി യൂറോ) 36 വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടത്.

റഫാലിന്റെ കരുത്ത്, മികവ്, വില എന്നിവയിലാണ് നേരത്തെ ആശങ്കകൾ ഉയർന്ന് വന്നത്. ഇപ്പോൾ വിലയിലും നഷ്ടക്കച്ചവടമായെന്നാണു ഖത്തർ കരാർ നൽകുന്ന സൂചന.

വില സംബന്ധിച്ചു കേന്ദ്രസർക്കാർ സുതാര്യത പാലിക്കാത്തതിനെ കോൺഗ്രസ് വിമർശിച്ചിരുന്നു. ഇന്ത്യയ്ക്കു വിമാനങ്ങൾ നൽകിയതു കൂടിയ വിലയ്ക്കല്ലെന്നും ചില പ്രത്യേകതകൾ കണക്കിലെടുക്കണമെന്നും റഫാൽ നിർമാതാക്കളായ ദാസോൾത് വ്യക്തമാക്കിയിരുന്നു.

ഏറ്റവും ആധുനികമായ ആയുധങ്ങളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്, ഏഴു വർഷത്തേക്കു സ്പെയർപാർട്ടുകൾ നൽകാൻ കരാറിൽ വ്യവസ്ഥയുണ്ട്, ഇന്ത്യയുടെ ആവശ്യാനുസരണം വിമാനത്തിൽ മാറ്റങ്ങൾ വവരുത്തിയിട്ടുണ്ട് എന്നും കമ്പനി വ്യക്തമാക്കി.

ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളിൽ 28 എണ്ണം ഒറ്റ സീറ്റ് മാത്രമുള്ള പോർവിമാനങ്ങളാണ്. എട്ടെണ്ണം ഇരട്ട സീറ്റ് ഉള്ളവയും. ഖത്തർ വാങ്ങിയത് ഇവയിൽ ഏതു തരമാണെന്നു വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയ്ക്കു 2019 സെപ്റ്റംബറിനും 2022 ഏപ്രിലിനും ഇടയിൽ വിമാനങ്ങൾ നൽകാമെന്നാണു കരാർ.

Top