ഖത്തറില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം: നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന തോതിലേക്ക് കുതിക്കുന്നതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മാത്രം 602 പുതിയ പോസിറ്റീവ് കേസുകളാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 358 പേരാണ് രോഗമുക്തി നേടിയത്. റിപ്പോര്‍ട്ട് ചെയ്ത 602 കേസുകളില്‍ 499 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 103 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. കൊവിഡ് ബാധിച്ച 49കാരന്‍ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 282 ആയി.

വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 213 പേരാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടത്. ഇവരില്‍ 29 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ഇവരുള്‍പ്പെടെ 244 പേരാണ് കൊവിഡ് ബാധിച്ച് ഐസിയുവില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതോടെ ആകെ ആശുപത്രിയില്‍ ചികില്‍സയിലുള്ള എണ്ണം 1350 ആയി. ഇതുവരെ 176,521 പോസിറ്റീവ് കേസുകളാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

നിലവിലെ ആക്ടീവ് കേസുകളുടെ എണ്ണം 14,066 ആയി ഉയരുകയും ചെയ്തു. ഇതാദ്യമായാണ് ഖത്തറിലെ ആക്ടീവ് കേസുകളുടെ എണ്ണം ഇത്രയേറെ വര്‍ധിക്കുന്നത്. 6556 പേരെയാണ് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിനകം 1,701,019 പേര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്തി. രാജ്യത്ത് വാക്സിന്‍ കുത്തിവയ്പ്പെടുത്തവരുടെ എണ്ണം ഏഴ് ലക്ഷം കടന്നതായും അധികൃതര്‍ അറിയിച്ചു.

Top