ഖത്തറില്‍ സൗജന്യ കൊവിഡ് പരിശോധന നിര്‍ത്തി

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ യാത്രാ ആവശ്യങ്ങള്‍ക്കുള്ള സൗജന്യ കൊവിഡ് പരിശോധന നിര്‍ത്താനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവും. രാജ്യത്ത് കൊവിഡ് രോഗികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ കീഴിലുള്ള പരിശോധനാ കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പകരം യാത്രാ ആവശ്യങ്ങള്‍ക്കുള്ള കൊവിഡ് പരിശോധനയ്ക്കായി അംഗീകൃത സ്വകാര്യ ക്ലിനിക്കുകളെ സമീപിക്കാനാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് വൈറസിന്റെ രണ്ടാം തരംഗം ആരംഭിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ രാപ്പകല്‍ വിശ്രമമില്ലാതെ ജോലി ചെയ്ത് വരികയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം സംശയിക്കുന്നവരും രോഗലക്ഷണങ്ങളുള്ളവര്‍ യാത്രാ ആവശ്യങ്ങള്‍ക്കായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരുമായ ആയിരക്കണക്കിനാളുകളാണ് ദിവസവും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെത്തുന്നത്. എന്നാല്‍ യാത്രാ ആവശ്യങ്ങള്‍ക്കായുള്ള സ്രവ പരിശോധനയെങ്കിലും തല്‍ക്കാലം നിര്‍ത്തിയാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അത്രയെങ്കിലും ആശ്വാസമാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുകയും സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ കൊവിഡ് പരിശോധനയ്ക്കെത്തുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന സമയത്ത് യാത്രാ ആവശ്യങ്ങള്‍ക്കുള്ള പരിശോധന ഇവിടങ്ങളില്‍ പുനഃസ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top