ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ എടുക്കാത്ത സ്‌കൂള്‍ അധ്യാപകര്‍ക്ക് റാപ്പിഡ് കൊവിഡ് പരിശോധന നടത്തും. വാക്‌സിന്‍ എടുക്കാത്ത, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള അധ്യാപകരിലാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്എംസി) മാനുവല്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തുന്നത്.
മൂക്കിലെ സ്രവം എടുത്തുള്ള റാപ്പിഡ് പരിശോധനയുടെ ഫലം 10- 15 മിനിറ്റിനുള്ളില്‍ തന്നെ അറിയാം. 97 % കൃത്യത ഉറപ്പാക്കുന്ന റാപ്പിഡ് പരിശോധന എച്ച്എംസിയുടെ ഹമദ് ജനറല്‍ ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റ്, വനിതാ ആശുപത്രി, അല്‍ഖോര്‍, അല്‍വക്ര എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികളിലും റാപ്പിഡ് പരിശോധന നടത്തും.
രോഗബാധയുടെ ആദ്യ ആഴ്ചയില്‍ തന്നെ കൊറോണ വൈറസിന്റെ സാന്നിധ്യം കൃത്യമായി നിര്‍ണയിക്കാം. മൂക്കിലെ സ്രവം എടുക്കുന്നതിനാല്‍ പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് കൂടുതല്‍ സൗകര്യപ്രദമാണ്. വേഗത്തില്‍ ഫലമറിയാം എന്നതിനാല്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരെ വേഗത്തില്‍ ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യാം. റാപ്പിഡ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നവരെ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കും.