ഖത്തറില്‍ പ്രതിദിനം കൊറോണ രോഗബാധിതരുടെ എണ്ണം കുറയുന്നു

ദോഹ: ഖത്തറില്‍ കൊറോണ രോഗബാധിതരുടെ എണ്ണം പ്രതിദിനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 695 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം 1,612 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,84,712 ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നാലു പേരാണ് മരണത്തിനു കീഴടങ്ങിയത്. 43, 54, 72, 91 പ്രായക്കാരാണ് മരിച്ചത്. ഇതോടെ ആകെ കൊറോണ മരണങ്ങള്‍ 441 ആയി. 2,03,599 പേര്‍ക്കാണ് ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

18,446 പേരാണ് ഇപ്പോള്‍ രോഗബാധിതരായുള്ളത്. ഇതില്‍ 1,002 പേര്‍ മാത്രമാണ് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 384 പേര്‍ അതീവ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഇന്നു രോഗം സ്ഥിരീകരിച്ച 695 പേരില്‍ 454 പേര്‍ ഖത്തറില്‍ കഴിയുന്നവരും 241 പേര്‍ മറ്റു രാജ്യങ്ങളില്‍ നിന്നു മടങ്ങിയെത്തിയവരുമാണ്.

ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്‍റൈന്‍ ഏഴില്‍ നിന്നു പത്തു ദിവസമാക്കി ഉയര്‍ത്തിയ തീരുമാനം ഈ മാസം 29ന് പ്രാബല്യത്തിലാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഏഴു ദിവസത്തേക്ക് ഹോട്ടല്‍ ബുക്ക് ചെയ്തിരിക്കുന്നവരുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കുമെന്ന് ഹോട്ടല്‍ ബുക്കിങ്ങിന്‍റെ ചുമതലയുള്ള ഡിസ്ഗവര്‍ ഖത്തര്‍ ഔദ്യോഗിക ട്വീറ്റില്‍ അറിയിച്ചു.

Top