ഖത്തറില്‍ 35നു മുകളിലുള്ള എല്ലാവര്‍ക്കും ഇനി വാക്‌സിന്‍

ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ ലഭിക്കാനുള്ള യോഗ്യതാ പ്രായം 35 ആയി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ കൊവിഡ് വാക്സിനേഷന്‍ പദ്ധതി ഘട്ടംഘട്ടമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതോടെ 35 വയസ്സ് തികഞ്ഞ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇനി ഖത്തറില്‍ സൗജന്യ വാക്‌സിന്‍ ലഭിക്കും.

നേരത്തേ വാക്‌സിന്‍ ലഭിക്കാനുള്ള കുറഞ്ഞ പ്രായം 50 ആയിരുന്നു. നിലവില്‍ 12 ലക്ഷത്തിലേറെ പേര്‍ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റ് കണക്ക്. ഇവരിലേറെയും വൈറസ് ബാധ സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യത ഏറെയുള്ളവരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

വാക്സിന്‍ ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 35 ആക്കിയതോടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു. മാര്‍ച്ചില്‍ വാക്സിനേഷന്‍ തുടങ്ങിയതു മുതല്‍ ആഴ്ച്ച തോറും നല്‍കുന്ന ഡോസുകളുടെ എണ്ണം ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം 160,000 വാക്സിന്‍ ഡോസുകളാണ് നല്‍കിയത്. കൊവിഡ് വാക്സിനേഷന് മാത്രമായി 35 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

Top