ദോഹ: തീവ്രവാദ ബന്ധം ആരോപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത് ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ (ജി.സി.സി.) അപകടത്തിലാക്കിയെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.
ബ്രസല്‍സില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിയാദ് കരാര്‍ ഗള്‍ഫ് രാജ്യങ്ങള്‍ ലംഘിച്ചതായും അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധിയെ അന്തര്‍ദ്ദേശീയവത്കരിക്കുന്നതില്‍ ഖത്തര്‍ വിശ്വസിക്കുന്നില്ല. അതിനുമപ്പുറം ജി.സി.സി.യിലാണ് രാജ്യം വിശ്വസിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്ത് മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളുവെന്നാണ് രാജ്യത്തിന്റെ വിശ്വാസം.
ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചതും കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെ അംഗീകരിക്കുന്നതും ദോഹ മാത്രമാണെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
മറ്റുള്ളവരുടെ അഭിപ്രായങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാതെ തീവ്രവാദത്തിന്റെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.