ജിദ്ദ: ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനേര്‍പ്പെടുത്തിയ ഉപരോധത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന് തിരിച്ചടി. വിഷയത്തില്‍ ഖത്തറുമായി ചര്‍ച്ച നടത്താനുള്ള നീക്കം സൗദി അറേബ്യ നിര്‍ത്തിവെച്ചു.
ഖത്തറിനെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനുശേഷം ആദ്യമായി ഖത്തര്‍ അമീര്‍ സൗദി കിരീടാവകാശിയുമായി കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇത് തെറ്റിദ്ധാരണാജനകമായ തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ചര്‍ച്ചകള്‍ നടത്താനുള്ള നീക്കം നിര്‍ത്തിവെച്ചതായി സൗദി പ്രഖ്യാപിച്ചിരിക്കുന്നത്.
ഖത്തര്‍ അവരുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നതുവരെ ഖത്തറുമായി ചര്‍ച്ചയ്ക്കില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.
പ്രശ്‌നപരിഹാരത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ബന്ധപ്പെട്ടവരെല്ലാം ഒന്നിച്ചിരിക്കണമെന്ന ഖത്തര്‍ അമീറിന്റെ അപേക്ഷ കിരീടാവകാശി അംഗീകരിച്ചിരുന്നു. എന്നാല്‍, പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് യാഥാര്‍ഥ്യങ്ങള്‍ അവര്‍ വളച്ചൊടിക്കുന്നതെന്ന് സൗദി വ്യക്തമാക്കി.