ദോഹ: രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കുന്ന ലുസൈലിലെയും വക്റയിലെയും ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററുകളില്‍ ഇതിനകം 1.1 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. എന്നാല്‍ ചില സമയങ്ങളില്‍ ഈ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം വരിയില്‍ കാത്ത് നില്‍ക്കേണ്ട സ്ഥിതിയാണ് പലപ്പോഴും. അതുകൊണ്ട് തന്നെ ഡ്രൈവ് ത്രൂ സെന്ററുകളിലേക്ക് വരുന്നവര്‍ ആവശ്യത്തിന് വെള്ളം, ചെറുകടികള്‍ എന്ന കൈയില്‍ കരുതുകയും വാഹനത്തില്‍ ആവശ്യത്തിനുള്ള ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റമദാനില്‍ ആഴ്ചയില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണി മുതല്‍ അര്‍ധരാത്രി 12 മണി വരെയാണ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയം. എന്നാല്‍ 11 മണിക്കാണ് അവസാനത്തെയാള്‍ക്ക് പ്രവേശനം. അതേസമയം, വരിയില്‍ കൂടതല്‍ ആളുകള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ 11 മണിക്ക് മുമ്പ് തന്നെ ആളുകളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കും. രാത്രി വൈകിവരുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം.
ഡ്രൈവ് ത്രൂ സെന്ററില്‍ വാഹനത്തില്‍ വരുന്നവര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കൂ. വാഹനത്തില്‍ ഇരുന്നാണ് ഇവിടെ വാക്സിന്‍ നല്‍കുക. പരമാവധി ഒരു കാറില്‍ നാലു പേര്‍ മാത്രമേ പാടുള്ളൂ.