ഖത്തറില്‍ ഭൂകമ്പം, വ്യാജ വാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി അധികൃതര്‍

ദോഹ: ജനങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോവുന്ന സന്ദര്‍ഭങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഖത്തറില്‍ ഭൂകമ്പം, കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഹമദ് വിമാനത്താവളം അടക്കുന്നു തുടങ്ങിയ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടി തുടങ്ങിയതായി അധികൃതര്‍ അറിയിച്ചത്. ജനങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുന്ന ഇത്തരം ചെയ്തികള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

വര്‍ഷങ്ങള്‍ പഴക്കമുള്ള ഭൂകമ്പ വാര്‍ത്തയാണ് ഖത്തറില്‍ വ്യാഴാഴ്ച ഭൂകമ്പമുണ്ടായി എന്ന രീതിയില്‍ പ്രചരിച്ചത്. ഇത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവമാണെന്നും പുതിയ ഭൂകമ്പ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കാലാവസ്ഥാ വകുപ്പിന്റെ ഒരു അറിയിപ്പ് പുതിയ സംഭവമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് വിശദീകരണം. ഇത്തരം വിവരങ്ങള്‍ക്കായി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോ ആശ്രയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Top