ദോഹ: ഖത്തറില്‍ ആദ്യ ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ തുറന്നു. ഖത്തര്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷനാണ് (കഹ്‌റാമ) സ്റ്റേഷന്‍ തുറന്നിരിക്കുന്നത്. രാജ്യത്തിന്റെ ഹരിത കാര്‍ സംരംഭത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക് കാര്‍ ചാര്‍ജിങ് സ്റ്റേഷന്‍ പദ്ധതിയുടെ ഒന്നാംഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കഹ്‌റാമ അവയര്‍നസ് പാര്‍ക്കിലാണ് ആദ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷന്‍ തുറന്നിരിക്കുന്നത്. രാജ്യത്ത് മുഴുവനായി എട്ട് സ്റ്റേഷനുകള്‍ കൂടി തുറക്കുന്നതാണ്. കഹ്‌റാമ ടവര്‍, പേള്‍ ഖത്തറിലെ കെമ്പിന്‍സ്‌കി ഹോട്ടല്‍, അല്‍ ഫര്‍ദാന്‍ ടവര്‍, സെന്റ് റീഗ്‌സ് ദോഹ ഹോട്ടല്‍, ഖത്തര്‍ ഫൗണ്ടേഷന്‍, സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്ക്, മുഷെരിബ് സിറ്റി, എല്‍ വഖ്‌റയിലെ എസ്ദാന്‍ മാള്‍ എന്നിവിടങ്ങളിലാണ് ഇനിയും സ്റ്റേഷനുകള്‍ തുറക്കുക.