ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാലയിലെ കോഴ്‌സുകളിൽ പ്രവേശനം തുടങ്ങി

ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ യൂനിവേഴ്സിറ്റിയായ സാവിത്രിഭായി ഫൂലെ പൂനെ യൂനിവേഴ്സിറ്റിയില്‍ (എസ്പിപിയു) ഈ അധ്യായന വർഷത്തെ പ്രവേശന നടപടികള്‍ ആരംഭിച്ചു. മാതാപിതാക്കളുടെയോ മറ്റേതെങ്കിലും രക്ഷിതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ റെസിഡന്‍ഷ്യല്‍ വിസയില്‍ ഖത്തറില്‍ ഉള്ള വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. ഐന്‍ ഖാലിദില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലുള്ള ബര്‍വ കൊമേഴ്ഷ്യല്‍ അവന്യൂവിലാണ് പുനെ യൂനിവേഴ്സിറ്റിയുടെ ഖത്തര്‍ കാംപസ് പ്രവര്‍ത്തിക്കുന്നത്.

യൂനിവേഴ്‌സിറ്റിയുടെ ഖത്തര്‍ കാംപസില്‍ ആദ്യഘട്ടത്തില്‍ നാല് ഫുള്‍ടൈം കോഴ്‌സുകളാണ് ഓഫര്‍ ചെയ്യുന്നത്. ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (ബിബിഎ), ബാച്ചിലര്‍ ഓഫ് കൊമേഴ്സ്, ബാച്ചിലര്‍ ഓഫ് ആര്‍ട്സ്, ബാച്ചിലര്‍ ഓഫ് സയന്‍സ്-ബയോടെക്നോളജി എന്നീ കോഴ്സുകളാണ് ഈ വര്‍ഷം ആരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ട്സ്, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, കൊമേഴ്സ് കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇംഗ്ലീഷിലും കൊമേഴ്സ് അല്ലെങ്കില്‍ സൈക്കോളജി വിഷയത്തിലും കൂടി ശരാശരി 60 ശതമാനം മാര്‍ക്ക് വേണം. ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളില്‍ മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്കാണ് സയന്‍സ് ബിരുദ കോഴ്സിന് ചേരാനാവുക.

Top