ദോഹ: പ്രതിസന്ധി പരിഹരിക്കുന്നതിന്, രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിച്ചുകൊണ്ടുള്ള ചര്‍ച്ച അനിവാര്യമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.
യു.എന്‍. പൊതുസഭയുടെ 72ാമത് സെഷനോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ വിവിധ രാജ്യങ്ങളുടെ മന്ത്രിമാരുമായും ഉന്നത നയതന്ത്രപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചകളിലാണ് വിദേശകാര്യമന്ത്രി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെക്കുറിച്ചും ഉപരോധംമൂലമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ചുമെല്ലാം വിദേശകാര്യമന്ത്രി ലോകനേതാക്കളോട് വിശദീകരിച്ചു.
ഇറ്റലി, ഉക്രൈന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ മന്ത്രിമാരുമായും, സൊമാലിയ പ്രധാനമന്ത്രി ഹസന്‍ അലി ഖായിര്‍, വിദേശകാര്യങ്ങള്‍ക്കും സുരക്ഷാനയങ്ങള്‍ക്കുമായുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ഫെഡറിക് മോഘെറിനി, ഇറ്റലി വിദേശകാര്യ മന്ത്രി ആഞ്ചലിനോ അല്‍ഫാനോ, ഉക്രൈന്‍ വിദേശകാര്യമന്ത്രി പാവ്‌ലോ ക്ലിംകിന്‍, ഓസ്‌ട്രേലിയ വിദേശകാര്യമന്ത്രി ജൂലി ബിഷപ് എന്നിവരുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.