ദോഹ: സൗദിയും സഖ്യരാജ്യങ്ങളും നല്‍കിയ അന്ത്യശാസനം ഖത്തര്‍ തള്ളി.
അന്ത്യശാസനം ഖത്തര്‍ തള്ളിയതോടെ ഉപരോധം തുടരാന്‍ തീരുമാനമായി. കെയ്‌റോയില്‍ ചേര്‍ന്ന നാല് അറബ് രാജ്യങ്ങളുടെ വിദേശമന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. തങ്ങള്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ പാലിക്കാന്‍ ഖത്തര്‍ തയാറായില്ലെന്ന് വിദേശകാര്യമന്ത്രിമാര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തിന്റെ ഗൗരവവും തീവ്രവതയും മനസിലാക്കാന്‍ ഖത്തറിന് കഴിയുന്നില്ലെന്നും സൗദി സഖ്യകക്ഷികള്‍ ആരോപിച്ചു.
നേരത്തെ ഉപരോധം പിന്‍വലിക്കാന്‍ സൗദിയും സഖ്യരാജ്യങ്ങളും മുന്നോട്ട് വച്ച നിബന്ധനകള്‍ പാലിക്കാന്‍ ഖത്തറിന് സമയപരിധി നീട്ടിനല്‍കിയിരുന്നു. 48 മണിക്കൂര്‍കൂടിയാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാഷ്ട്രങ്ങള്‍ സമയം നീട്ടി നല്‍കിയത്. എന്നാല്‍ ഇതിനോടും അനുകൂലമായല്ല ഖത്തര്‍ പ്രതികരിച്ചത്.
സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇവര്‍ മുന്നോട്ടുവച്ച 13 ഉപാധികള്‍ പാലിച്ചാല്‍ ഉപരോധം പിന്‍വലിക്കാമെന്നായിരുന്നു വാഗ്ദാനം.
കഴിഞ്ഞ മാസം അഞ്ചിനാണു സൗദി അറേബ്യയും മറ്റു രാജ്യങ്ങളും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചത്. ഇറാനുമായുള്ള ബന്ധം അവസാനിപ്പി ക്കുക, അല്‍- ജസീറ ചാനല്‍ അടച്ചുപൂട്ടുക, തുര്‍ക്കിയുടെ സൈനിക താവളം അടയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണു സൗദിയും സഖ്യരാജ്യങ്ങളും മുന്നോട്ടു വച്ചിരിക്കുന്ന 13 നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ.