ദോഹ: ‘അസൂയക്ക് മരുന്നില്ല’ എന്ന വാക്ക് യഥാർത്ഥത്തിൽ പ്രയോഗിക്കേണ്ടത് യു.എ.ഇ യോടാണ് എന്ന് തോന്നിക്കുന്ന ഞെട്ടിക്കുന്ന വാർത്തയാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഇൻഡിപെൻഡന്റ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
വികസന പാതയിൽ മറ്റ് അറബ് രാഷ്ട്രങ്ങളേക്കാൾ ബഹുദൂരം മുന്നിൽ കുതിച്ചു കൊണ്ടിരിക്കുന്ന ഖത്തറിനെ കടിഞ്ഞാണിടാനാണ് സൗദി അറേബ്യൻ സഖ്യരാജ്യങ്ങൾ (യു.എ.ഇ) ഖത്തറിനു മേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നത്.
ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാവാനും ഖത്തറിന്റെ വളർച്ചക്ക് വലിയ സംഭാവന നൽകാൻ വഴി ഒരുക്കുകയും ചെയ്യുന്ന 2022-ലെ ഫിഫ ലോകകപ്പ് ഖത്തറിന് ലഭിക്കാതിരിക്കുകയാണ് യു.എ.ഇയുടെ ലക്ഷ്യമെന്ന് മാധ്യമ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരവാദത്തിന് പ്രോത്സാഹനം ചെയ്യുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യയും യു.എ.ഇയും ബഹറിനും ഈജിപ്‌തുമടങ്ങുന്ന സഖ്യരാജ്യങ്ങളാണ് ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത്. അറബ് മേഖലയിൽ പിടിമുറക്കാൻ ഖത്തറും യു.എ.ഇയും കുറച്ച് നാളുകളായി ശ്രമിച്ചു വരികയായിരുന്നു. മേഖലയിൽ പിടിമുറുക്കാൻ സഹായിക്കുമെന്ന് കരുതി ഇസ്‌ലാമിക തീവ്രവാദ സംഘടനയായ താലിബാന്റെ ഓഫീസ് തങ്ങളുടെ രാജ്യത്ത് തുറക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ മത്സരമുണ്ടായിരുന്നു. അമേരിക്കയിലെ യു.എ.ഇ അംബാസഡർക്ക് വന്ന ചില ഇമെയിലുകൾ ഹാക്ക് ചെയ്‌തതിൽ നിന്നും ഇത് സംബന്ധിച്ച തെളിവ് ലഭിച്ചതായും റിപ്പോർട്ട് തുടരുന്നു.
എന്നാൽ ഇതേ താലിബാന്റെ ഓഫീസ് തുറന്നത് ചൂണ്ടിക്കാട്ടിയാണ് ഖത്തർ ഭീകരതയുടെ കേന്ദ്രമാണെന്ന് യു.എ.ഇ വാദിക്കുന്നത്. തുടർന്ന് ഖത്തറിലെ ന്യൂസ് ചാനൽ ഹാക്ക് ചെയ്‌ത് അവിടുത്തെ ഭരണാധികാരിയുടെ സന്ദേശമെന്ന നിലയിൽ ചിലത് കാണിച്ചതിന് പിന്നിലും യു.എ.ഇയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ലോകകപ്പ് പൊളിക്കാനാണ് ഖത്തറിന് മേൽ ഉപരോധം സൃഷ്‌ടിച്ചതെന്ന് യു.എ.ഇയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്ന രേഖകളും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മുടങ്ങിയാൽ ഉപരോധം അവസാനിക്കുമെന്നാണ് ദുബായ് സുരക്ഷാ വിഭാഗം മേധാവിയുടെ ട്വീറ്റർ സന്ദേശത്തിന്റെ സാരംശം. നിലവിലെ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് 2022ൽ ഖത്തറിലെ ലോകകപ്പ് നടക്കാനിടയില്ലെന്ന സർവേ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
അതേസമയം, തീവ്രവാദത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനുള്ള തീരുമാനം ഖത്തറിനെ കൂടുതൽ ശക്തരാക്കിയെന്നാണ് വിലയിരുത്തൽ. മേഖലയിലെ വൻ ശക്തികളായ തുർക്കിയും ഇറാനുമായും ഖത്തറിന്റെ ബന്ധം കൂടുതൽ ശക്തമായത് ഇതിന്റെ തെളിവാണ്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അടച്ച് ഖത്തറിനെ ഒറ്റപ്പെടുത്തിയെങ്കിലും ഇപ്പോഴും ഇവിടുത്തേക്കുള്ള ഭക്ഷ്യവിതരണം തടസപ്പെട്ടിട്ടില്ല. കൂടാതെ തീരുമാനം ഖത്തറിനെ കൂടുതൽ സ്വയംപര്യാപ്‌ത കൈവരിക്കാൻ പ്രേരിപ്പിച്ചുവെന്നാണ് കരുതുന്നത്.