ഖത്തര്‍ : ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന നിയമം ഖത്തറില്‍ പ്രാബല്യത്തില്‍ വരാനൊരുങ്ങുന്നു. തിരഞ്ഞെടുത്ത മേഖലകളില്‍ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന റജിസ്ട്രേഷന്‍ വകുപ്പിന്റെ കരടുനിര്‍ദേശത്തിനു പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
വിദേശികള്‍ വാങ്ങുന്ന ഭൂമിയുടെ വില ഉള്‍പെടെയുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കുന്നതിനും റജിസ്ട്രേഷന്‍ അടക്കം അനുബന്ധ നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കുന്നതിനും നിയന്ത്രണ സമിതി രൂപീകരിക്കാനുള്ള നീതീന്യായ മന്ത്രാലയ നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. നീതീന്യായ മന്ത്രാലയ പ്രതിനിധിയായിരിക്കും സമിതിയുടെ തലവന്‍.
വിദേശികള്‍ക്കു ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനാവുന്ന മേഖലകള്‍ നിശ്ചയിക്കുക സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. വിദേശി ഉടമസ്ഥാവകാശം സംബന്ധിച്ച വ്യവസ്ഥകള്‍ രൂപീകരിക്കുക, റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ക്കു സര്‍ക്കാര്‍ ലഭ്യമാക്കേണ്ട സേവനങ്ങളും സാമ്പത്തികാനുകൂല്യങ്ങളും സംബന്ധിച്ച ശുപാര്‍ശ നല്‍കുക, റജിസ്ട്രേഷന്‍ ഫീസിലും മറ്റുകാര്യങ്ങളിലും അന്തിമതീരുമാനമെടുക്കുന്നതിനു മന്ത്രിസഭയ്ക്ക് ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുക, നിയമനടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭ നല്‍കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നടപടിയെടുക്കുക എന്നിവയെല്ലാം സമിതിയുടെ ഉത്തരവാദിത്വമായിരിക്കും.