ഖത്തര്‍: ഖത്തറിലെ സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാര്‍ ഹാജരാകരണമെന്ന തീരുമാനത്തില്‍ മാറ്റം. ഇരുപത് ശതമാനം പേര്‍ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്താല്‍ മതിയെന്ന തീരുമാനം തുടരാനും ക്ലീനിങ് ഹോസ്പിറ്റാലിറ്റി കമ്പനികള്‍ക്ക് അടുത്ത മാസം മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാമെന്നും തീരുമാനമായി. സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാര്‍ ഹാജരാകണമെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം.
പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ധുല്‍ അസീസ് അല്‍ത്താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാം ഘട്ടമായ സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാര്‍ക്കും നേരിട്ടെത്തി ജോലി ചെയ്യാമെന്ന തീരുമാനത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. ഓഫീസുകളില്‍ സ്റ്റാഫുകളുടെ മീറ്റിങുകള്‍ വിലക്കിയ തീരുമാനം പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം മീറ്റിങുകളില്‍ പതിനഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന നിബന്ധനയുണ്ട്.