ഖത്തര്‍ വിഷയം ; സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി

ലണ്ടന്‍: ഖത്തര്‍ വിഷയത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍.

ഖത്തറിനു മേല്‍ ഉപരോധമില്ല. ഹജ്ജിന് ഇറാനുമായുണ്ടാക്കുന്ന നയതന്ത്ര ബന്ധത്തെ അതിനുമാത്രമായുളള്ളതായേ കാണേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഭീകരതയോട് യാതൊരു വീട്ടുവീഴ്ചയും ഒരു രാജ്യത്തിനും ഉണ്ടാകരുത്, ഭീകരതക്ക് പ്രോത്സാഹനം നല്‍കരുതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ലണ്ടനിലായിരുന്നു ആദില്‍ അല്‍ ജുബൈറിന്റെ പ്രതികരണം.

ഭീകരതക്ക് പ്രോത്സാഹനം നല്‍കുന്ന മാധ്യമങ്ങളെ സഹായിക്കുന്ന രാജ്യങ്ങളുമായി സൗദി സഹകരിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു.

ഹജ്ജിനു ഇറാനുമായി നയതന്ത്രബന്ധമുണ്ടാക്കുന്നതും ആ രാജ്യത്തോടുള്ള നിലപാടും വ്യത്യസ്തമാണ്. ഹിസ്ബുല്ലയിലൂടെ മേഖലയിലെ സമാധാനം തകര്‍ക്കുകയാണ് ഇറാന്‍. ചര്‍ച്ചകള്‍ക്കും നയതന്ത്ര സഹകരണത്തിനും യാതൊരു ഗൗരവവും ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.

യമനില്‍ സൗദി യുദ്ധം ആഗ്രഹിച്ചിട്ടില്ല, പക്ഷേ യുദ്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. യു.എന്‍ ഏറ്റെടുക്കുന്നതോടെ സന്‍ആ വിമാനത്താവളം തുറക്കാന്‍ സാധിക്കുമെന്നും വിദേശകാര്യ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Top