ദോഹ: രാജ്യത്ത് കൊവിഡ് വ്യാപനം ഏറെക്കുറെ നിയന്ത്രണ വിധേയമായതോടെ വിനോദ സഞ്ചാര മേഖല തുറക്കാനുള്ള നീക്കവുമായി ഖത്തര്‍. പൂര്‍ണമായും വാക്‌സിനെടുത്തവര്‍ക്ക് ഖത്തറില്‍ ക്വാറന്റൈന്‍ ഇല്ലാതെ പ്രവേശിക്കാമെന്ന തീരുമാനത്തോടെ ടൂറിസം മേഖല പുതുജീവന്‍ ആര്‍ജിച്ചതായാണ് വിലയിരുത്തല്‍.
ഇതിന്റെ ഭാഗമായി വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വേസ് ഹോളിഡേസും ചേര്‍ന്ന് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ഖത്തറിലെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ഫാമിലി ആന്റ് ഫ്രന്റ്സ് എന്ന പേരിലുള്ള പാക്കേജ്.
ടൂറിസ്റ്റ് വിസയില്‍ വരുന്ന മുഴുവന്‍ പേര്‍ക്കും കണ്‍ഫേം ചെയ്ത ഹോട്ടല്‍ റിസര്‍വേഷന്‍ വേണമെന്നതാണ് നിലവിലെ യാത്രാ വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസ്‌കവര്‍ ഖത്തറും ഖത്തര്‍ എയര്‍വേസ് ഹോളിഡേസും പ്രമുഖ ഹോട്ടലുകളുമായി സഹകരിച്ച് വിവിധ പാക്കേജുകള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. വ്യത്യസ്ത റേഞ്ചുകളിലുള്ള ഹോട്ടലുകള്‍ പാക്കേജില്‍ ലഭ്യമാണ്.
ഒരാള്‍ക്ക് 1,721 റിയാല്‍ മുതലാണ് ഫാമിലി ആന്റ് ഫ്രന്റ്‌സ് പാക്കേജ് ലഭ്യമാവുക. അഞ്ച്, ഏഴ്, പത്ത് ദിവസത്തെ താമസ സൗകര്യമാണ് പാക്കേജുകളില്‍ ഉള്ളത്. ആഢംബര ഹോട്ടലുകളായ ഹില്‍ട്ടണ്‍ ദോഹ, ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട്, റിറ്റ്‌സ് കാള്‍ട്ടണ്‍ ദോഹ, മോണ്ട്രിയാന്‍ ദോഹ, വെസ്റ്റിന്‍ ദോഹ ഹോട്ടല്‍ ആന്റ് സ്പാ, അല്‍ മെസില റിസോര്‍ട്ട് തുടങ്ങിയവയിലാണ് താമസ സൗകര്യം ലഭിക്കുക.
എല്ലാ പാക്കേജിലും സൗജന്യ ബ്രേക്ക് ഫാസ്റ്റ്, ഹോട്ടലിലെ ഭക്ഷണ പാനീയങ്ങളില്‍ 20 ശതമാനം ഡിസ്‌കൗണ്ട്, എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചുമുള്ള സൗജന്യ യാത്ര എന്നിവ ലഭ്യമാണ്. ഖത്തറിലെ പ്രധാന സ്ഥലങ്ങള്‍, മരുഭൂമി, ഇന്‍ലാന്റ് സീ എന്നിവിടങ്ങളിലേക്ക് നാല് മണിക്കൂര്‍ നീളുന്ന ഡിസ്‌കവര്‍ ദോഹ സിറ്റി ടൂറും ഇതില്‍പ്പെടും.
കുടുംബത്തോടൊപ്പം വരുന്ന 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം സൗജന്യമായി താമസിക്കാം. അവര്‍ പ്രത്യേക റൂം ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. ഇതിനു പുറമെ, കുറഞ്ഞ നിരക്കില്‍ വിവിധ ടൂര്‍ പാക്കേജുകളും ഡിസ്‌കവര്‍ ഖത്തര്‍ ഒരുക്കിയിട്ടുണ്ട്.