ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്കുമേല്‍ നടപടിയെടുക്കാനൊരുങ്ങി ഖത്തര്‍

ദോഹ: ഒരു വര്‍ഷത്തിലേറെയായി ഖത്തറിനുമേല്‍ അയല്‍ രാജ്യങ്ങള്‍ തുടരുന്ന ഉപരോധത്തിനെതിരെയുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ തുടരുന്നു. ഉപരോധവുമായി ബന്ധപ്പെട്ട് നിലവില്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിക്ക് മുന്നില്‍ നിരവധി പരാതികള്‍ ഇതിനകം സമര്‍പ്പിക്കപ്പെട്ടതായി യു.എന്നിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി അലി ഖല്‍ഫാന്‍ അല്‍മന്‍സൂരി വ്യക്തമാക്കി.

നിയമ വിരുദ്ധമായി രാജ്യത്തിന് മേല്‍ ഉപരോധം നടപ്പിലാക്കിയവര്‍ക്ക് ദുരിതം തിരിച്ചറിയേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യാന്തര തലത്തില്‍ തന്നെ നിയമപരമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന അന്വേഷണത്തിലാണ് തങ്ങളെന്നും രാജ്യാന്തര വേദികളെ ഇതിനകം തന്നെ സമീപിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളെ പരിഗണിക്കാതെയാണ് ഖത്തറിന് മേല്‍ അയല്‍ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തറിനെതിരെ ഉപരോധമേര്‍പ്പടുത്തിയ രാജ്യങ്ങളുടെ നടപടിക്കെതിരെ ശക്തമായ നിലപാട് എടുക്കണമെന്ന ആവശ്യമാണ് ഖത്തറിനുള്ളത്.

മാത്രമല്ല, നൂറോളം രാജ്യങ്ങളിലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഖത്തര്‍ വര്‍ഷവും രണ്ട് ബില്യന്‍ ഡോളര്‍ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ ജനതയുടെ മോക്ഷവും അധിനിവേശ ഭൂമിയില്‍ നിന്ന് ഇസ്രായേലിന്റെ പിന്‍മാറ്റവുമാണ് ഖത്തറിന്റെ എന്നത്തെയും പ്രഥമ അജണ്ട. ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വരികയാണ് ലക്ഷ്യമെന്നും അല്‍മന്‍സൂരി അഭിപ്രായപ്പെട്ടു. 2022ല്‍ ദോഹയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് രാഷ്ട്രീയമായും നയതന്ത്രപരമായും ഖത്തര്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

Top