വാക്സിനെടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഖത്തര്‍

ദോഹ: രാജ്യവും ലോകവും കൊവിഡ് മഹാമാരിയെ പൂര്‍ണമായും ഇല്ലാതാവുന്നതു വരെ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള നിയന്ത്രണവും കൊവിഡ് പരിശോധനയും തുടരുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. കൊവിഡിനെ വരുതിയിലാക്കുന്ന രീതിയില്‍ ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലും വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കാനാവൂ എന്നും മന്ത്രി പറഞ്ഞു.

ദോഹയില്‍ നടക്കുന്ന പ്രഥമ ഖത്തര്‍ എക്കണോമിക് ഫോറത്തില്‍ ദി എക്കോണമിക്‌സ് ഓഫ് ഇക്കോളജി ആന്റ് പബ്ലിക് ഹെല്‍ത്ത് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വ്യത്യസ്ത വ്യാപാര, വാണിജ്യ മേഖലകള്‍ തുറക്കുന്നതിന് കൊവിഡ് പരിശോധന വളരെ പ്രധാനമാണ്. കൊവിഡ് വ്യാപനത്തെ വലിയ തോതില്‍ തടയാന്‍ വാക്സിനേഷനിലൂടെ സാധിക്കും എന്നതിനാല്‍ ഖത്തറിന് വളരെ വൈകാതെ തന്നെ ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

വാക്‌സിനേഷനിലൂടെ മാത്രം കൊവിഡിനെ പൂര്‍ണമായും തുടച്ചുനീക്കാനാവും എന്ന് കരുതുന്നില്ല. എല്ലാ രാജ്യങ്ങളും നിശ്ചിത ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതോട് കൂടി മാത്രമേ കൊവിഡ് വെല്ലുവിളിയെ ജയിക്കാനാവൂ. ജനങ്ങള്‍ക്ക് ഏറ്റവും നല്ല വാക്സിനുകള്‍ ലഭ്യമാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിഞ്ഞതായും അല്‍ കുവാരി പറഞ്ഞു. ഖത്തര്‍ ഉപയോഗിക്കുന്ന ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഏറ്റവും മികച്ച ഫലമാണ് നല്‍കുന്നത്. ഖത്തറിലെ ജനങ്ങള്‍ക്ക് ആവശ്യമായ വാക്സിന്‍ ഡോസുകളുടെ ലഭ്യത രാജ്യം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

 

Top