ഖത്തറില്‍ പുതിയ തൊഴില്‍ വിസകള്‍ അനുവദിച്ചു തുടങ്ങി. കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍ വിസകള്‍ നിര്‍ത്തിവെച്ചതായിരുന്നു. എന്നാല്‍ വിവിധ മേഖലകളില്‍ വിദഗ്ദ്ധ ജോലിക്കാരുടെ ആവശ്യം കൂടിയതുകൊണ്ട് പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങി. മാത്രവുമല്ല ഖത്തറില്‍ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ വീണ്ടും വിസ അനുവദിച്ചു തുടങ്ങിയത്.
അതെ സമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ പുതിയ റിക്രൂട്ട്‌മെന്റ് അനുവദിച്ചിട്ടുള്ളത്. കെനിയയില്‍ നിന്നുള്ള മുപ്പത് പേരടങ്ങുന്ന പുതിയ ജോലിക്കാരുടെ സംഘം കഴിഞ്ഞ ദിവസം ദോഹയിലെത്തി. കെനിയക്ക് പുറമെ മറ്റ് ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പുതിയ വിസക്കാരെ അനുവദിച്ചിട്ടുണ്ട്. മുന്നൂറ് പുതിയ വിസകള്‍ ഇതിനകം വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അനുദിച്ചതായി പ്രമുഖ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് കമ്പനി പ്രതിനിധി ഖത്തര്‍ ട്രിബ്യൂണിനോട് പറഞ്ഞു. ഇത്രയും ജോലിക്കാര്‍ ഈ മാസത്തോടെ തന്നെ ഖത്തറിലെത്തി ജോലിയില്‍ പ്രവേശിക്കും. അതെ സമയം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ പുതിയ വിസകള്‍ അനുവദിച്ചു തുടങ്ങിയിട്ടില്ല. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനത്തോത് കുറഞ്ഞുതുടങ്ങുന്ന പക്ഷം മാത്രമേ പുതിയ റിക്രൂട്ട്‌മെന്റ് ആരംഭിക്കുകയുള്ളൂവെന്നാണ് ഈ മേഖലയിലെ വിദഗദ്ധര്‍ പറയുന്നത്.