ദോഹ: ഖത്തറും റഷ്യയും കരാറിലെത്തിയതനുസരിച്ച് എസ് 400 മിസൈലുകള്‍ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പുറകോട്ട് പോകില്ലെന്ന് റഷ്യ. ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ പ്രതികരണം കാര്യമാക്കുന്നില്ലെന്നും റഷ്യ വ്യക്തമാക്കി. ഖത്തറിന് മിസൈല്‍ നല്‍കുമെന്ന് റഷ്യ തീരുമാനിച്ചിരുന്നു.
റഷ്യന്‍ ഫെഡറേഷന്‍ കൗണ്‍സില്‍ സുരക്ഷപ്രതിരോധ വകുപ്പ് ഉപമേധാവി അലക്‌സിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. എസ് 400 മിസൈല്‍ ഖത്തറിന് നല്‍കാനുള്ള തീരുമാനത്തില്‍ റഷ്യക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇക്കാര്യത്തില്‍ സൗദിക്ക് ഒരു തരത്തിലുള്ള പങ്കുമില്ലെന്നും അലക്‌സി പ്രത്യേക വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ ഖത്തര്‍ കൈപറ്റാന്‍ ശ്രമിക്കുകയാണെങ്കില്‍ ഖത്തറിനെ സൈനികമായി നേരിടുമെന്ന സൗദി ഭരണാധികാരിയുടെ പ്രസ്താവന പുറത്തുവന്ന സാഹചര്യത്തിലാണ് റഷ്യന്‍ ഉന്നത പ്രതിരോധ വക്താവ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. സൗദി രാജാവ് ഫ്രഞ്ച് പ്രസിഡന്റിന് അയച്ച സന്ദേശത്തിലാണ് ഖത്തറിനോട് ഈ കരാറില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യം മുന്നോട്ട് വെച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗദിയുടെ നിലപാട് ഖത്തറിനെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതിന് സമാനമാണെന്ന് റഷ്യന്‍ പ്രതിരോധ ഉപമേധാവി അഭിപ്രായപ്പെട്ടു. സൗദി അറേബ്യയും അമേരിക്കയും തമ്മിലാണ് ആയുധ കരാറുകള്‍ പ്രധാനമായും ഉള്ളത്. മേഖലയില്‍ ആയുധക്കച്ചവടം നഷ്ടപ്പെടാന്‍ അവര്‍ ഒരിക്കലും ആഗ്രഹിക്കുകയില്ലെന്നും റഷ്യന്‍ സുരക്ഷാ ഉപമേധാവി അഭിപ്രായപ്പെട്ടു. ഇതിനിടെ റഷ്യയില്‍ നിന്ന് എസ് 400 മിസൈലുകള്‍ വാങ്ങാന്‍ സൗദി അറേബ്യ ശ്രമം ആരംഭിച്ചതായി റഷ്യയും വ്യക്തമാക്കി.