ബ്രിട്ടനില്‍ നിന്ന് 24 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ട് ഖത്തര്‍

ദോഹ : ബ്രിട്ടനില്‍ നിന്ന് 24 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 800 കോടി ഡോളറിന്റെ കരാറില്‍ ഒപ്പിട്ടു ഖത്തര്‍.

ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ മുഹമ്മദ് അല്‍-ആത്തിയയും ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഗാവിന്‍ വില്യംസണുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കുമ്പോഴാണ് ഇത്തരത്തിലൊരു കരാര്‍.

10 വര്‍ഷത്തിനിടയില്‍ ഇത്രയധികം ടൈഫൂണ്‍ വിമാനങ്ങള്‍ കച്ചവടമാകുന്നത് ഇപ്പോഴാണെന്ന് വില്യംസണ്‍ വ്യക്തമാക്കി.

കൂടാതെ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള ഖത്തറിന്റെ ദൗത്യത്തിന് ഈ കരാര്‍ ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടനില്‍ നിന്ന് ഹോക്ക് വിമാനം പോലുള്ളവ ഭാവിയില്‍ വാങ്ങുന്നതിന് ഖത്തര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് സുരക്ഷയൊരുക്കാന്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് വ്യോമസഖ്യം രൂപവത്കരിക്കുന്നതിനും കരാറായി.

Top