ജിയോയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങാന്‍ ഖത്തര്‍

മുംബൈ: റിയലന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ടെലികോം കമ്പനിയായ ജിയോയില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍. റിലയന്‍സുമായി സൗദി അറേബ്യയും ഫേസ്ബുക്കുമെല്ലാം കോടികളുടെ ഓഹരി ഇടപാട് നടത്തിയതിന് പിന്നാലെയാണ് ഖത്തര്‍ നിക്ഷേപത്തിനൊരുങ്ങുന്നത്.

ഖത്തര്‍ ഭരണകൂടത്തിന്റെ കീഴിലുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയാണ് ജിയോ ഫൈബറിന്റെ ഓഹരി വാങ്ങുന്നത്. 150 കോടി ഡോളര്‍ (ഏകദേശം 11200 കോടി രൂപ) യാണ് ഖത്തര്‍ നിക്ഷേപിക്കുക.

ജിയോ ഡിജിറ്റല്‍ ഫൈബറിന് ഏഴ് ലക്ഷം കിലോമീറ്റര്‍ നെറ്റ് വര്‍ക്കാണ് ഇന്ത്യയിലുള്ളത്. ഈ ശൃംഖല 11 ലക്ഷമാക്കി ഉയര്‍ത്താനാണ് കമ്പനി തീരുമാനം. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ നിക്ഷേപത്തോടെ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിലയന്‍സ് ജിയോയുടെ ഫൈബര്‍ ഒപ്റ്റിക് ആസ്തികള്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിന് കീഴിലാണ്. ഈ ട്രസ്റ്റിന്റെ 15 ശതമാനം ഓഹരി റിലയന്‍സ് തന്നെ കൈവശം വയ്ക്കും. ബാക്കി 85 ശതമാനം ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഉള്‍പ്പെടെയുള്ള ആഗോള കമ്പനികള്‍ക്ക് വില്‍ക്കും.

കഴിഞ്ഞ 12 ആഴ്ച്ചക്കിടെ 12 വന്‍ നിക്ഷേപമാണ് ജിയോ പ്ലാറ്റ്ഫോംസിലുണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിലത്തേതാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റേത്. 11367 കോടി രൂപ ചെലവഴിച്ച് ജിയോയുടെ 2.32 ശതമാനം ഓഹരിയാണ് സൗദി സ്വന്തമാക്കിയത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സര്‍ക്കാര്‍ ഫണ്ടുകളിലൊന്നാണ് സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്. 40000 കോടി ഡോളറിന്റെ ആസ്തിയാണ് ഫണ്ടിനുള്ളത്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും സമാനമായ സാമ്പത്തിക ശേഷിയുള്ളതാണ്.

Top