ഇന്ത്യയുമായി ദീര്‍ഘകാല എല്‍എന്‍ജി കരാര്‍ ഒപ്പുവയ്ക്കാൻ ഖത്തർ

ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) കയറ്റുമതിക്കാരായ ഖത്തര്‍ ഇന്ത്യയുമായി പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് എല്‍എന്‍ജി നല്‍കുന്നതിനുള്ള ദീര്‍ഘകാല കരാറില്‍ ഒപ്പുവെക്കുമെന്ന് റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പ്രകൃതി വാതക ആവശ്യം നിറവേറ്റാനും ഇന്ത്യയുടെ ഊര്‍ജ വിപണിയുടെ സ്ഥാനം ശക്തിപ്പെടുത്താനും ഈ കരാര്‍ ഉപകരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയിലെ പ്രമുഖ പ്രകൃതിവാതക ഇറക്കുമതിക്കാരായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡും ഖത്തര്‍ എനര്‍ജിയും തമ്മിലുള്ള കരാര്‍ ചര്‍ച്ചകളുടെ അവസാന ഘട്ടത്തിലാണ്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രതിവര്‍ഷം 8.5 ദശലക്ഷം മെട്രിക് ടണ്‍ എല്‍എന്‍ജി വിതരണം ചെയ്യുന്നത് സംബന്ധിച്ച കരാര്‍ 2028ല്‍ അവസാനിക്കും. കാലഹരണപ്പെടുന്ന കരാറിന് പകരം കുറഞ്ഞ വിലയും മെച്ചപ്പെട്ടതും വഴക്കമുള്ളതുമായ നിബന്ധനകളും ഉള്‍പ്പെടുത്തിയുള്ള പുതിയ കരാര്‍ ആണ് വരുന്നത്.

ഈ മാസം അവസാനമോ ഫെബ്രുവരി ആദ്യമോ കരാറിന് അന്തിമരൂപമാവും. ചുരുങ്ങിയത് 2050 വരെയെങ്കിലും കാലാവധിയുള്ളതായിരിക്കും പുതിയ കരാര്‍. കുറഞ്ഞ വിലയും ചരക്ക് നീക്കം കൂടുതല്‍ എളുപ്പമാക്കുന്ന പുതിയ വ്യവസ്ഥകളും കരാറിന്റെ പ്രത്യേകതയായിരിക്കുംം.

2030 ഓടെ രാജ്യത്തിന്റെ ഊര്‍ജ ആവശ്യം പ്രകൃതി വാതകത്തില്‍ നിന്ന് നിറവേറ്റുന്നത് 6.3 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്താനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തിന് അനുസൃതമായാണ് പുതിയ കരാര്‍ രൂപപ്പെടുന്നത്.

Top