ദോഹ: 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കും കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാന്‍ ഖത്തര്‍. സെപ്തംബര്‍ അവസാനിക്കും മുമ്പ് ഇവര്‍ക്കുള്ള വാക്‌സിനേഷന് അംഗീകാരം നല്‍കിയേക്കുമെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു.
ഒക്ടോബറോട് കൂടി രാജ്യത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാവുമെന്നും ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നിലവില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഖത്തറില്‍ വാക്സിന്‍ നല്‍കിവരുന്നുണ്ട്. ഫൈസര്‍ ബയോണ്‍ടെക്ക് വാക്സിനാണ് നിലവില്‍ നല്‍കിവരുന്നത്.
മാസ്‌ക്ക് നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ കുറച്ച് കാലം കൂടി തുടരേണ്ടി വരും. ജനങ്ങളില്‍ ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ മാസ്‌ക്ക് ഒഴിവാക്കാനാവൂ. വ്യാപാര വ്യവസായ മേഖലയിലെ ജീവനക്കാര്‍ക്കു വേണ്ടിയുള്ള വാക്‌സിനേഷന്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചത് അപ്പോയിന്‍മെന്റ് സംബന്ധിച്ച ചട്ടങ്ങള്‍ ചിലര്‍ പാലിക്കാത്തത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മാര്‍ഗനിര്‍ദേശങ്ങളോട് കൂടി രണ്ട് ദിവസത്തിനകം ഈ കേന്ദ്രം പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അല്‍ ഖാല്‍ അറിയിച്ചു.
ഖത്തറില്‍ നല്‍കുന്ന വാക്‌സിനുകളുടെ കൂട്ടത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സനും ഉടന്‍ ഉള്‍പ്പെടുത്തിയേക്കും. ആസ്ട്രസെനെക്ക വാക്‌സിന്‍ ചുരുങ്ങിയ തോതില്‍ ഈയിടെ നല്‍കിയിരുന്നു. ഇതിന്റെ കൂടുതല്‍ ഡോസുകള്‍ ഉടനെയെത്തും. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസ് എടുത്ത് വന്നവര്‍ക്ക് രണ്ടാം ഡോസ് ആയി അസ്ട്രസെനകയാണ് ഖത്തറില്‍ നല്‍കുന്നത്.