ഖത്തറിന്റെ വിസ നടപടിക്രമങ്ങള്‍ ഇനി ഇന്ത്യയില്‍ പൂര്‍ത്തീകരിക്കും

visa

ദോഹ: ജോലി നോക്കുന്നവര്‍ക്കുള്ള മുഴുവന്‍ വിസാ നടപടിക്രമങ്ങളും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തീകരിക്കുമെന്ന് ഖത്തര്‍. നവംബര്‍ അവസാനത്തോടെ ഇന്ത്യയിലെ വിസാസേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊച്ചിയുള്‍പ്പെടെ ഏഴിടങ്ങളില്‍ ഒരുമിച്ചാണ് വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഖത്തറിലേക്കുള്ള തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ണമായും അതത് രാജ്യങ്ങളില്‍ തന്നെ പൂര്‍ത്തീകരിക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ ഏഴ് സേവനകേന്ദ്രങ്ങളാണുണ്ടാവുന്നത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെയ്ക്കല്‍, എന്നിവ പൂര്‍ണമായും ഈ സേവനകേന്ദ്രങ്ങില്‍ വെച്ച് പൂര്‍ത്തിയാക്കാനാകും.

Top