ദോഹ: ടെലികോം കമ്പനികളുടെ മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡുകള്‍ മോഷ്ടിച്ച് അവ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ ഏഷ്യക്കാരനെ ഖത്തര്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. സ്വന്തം രാജ്യത്തെ പ്രാദേശിക ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളുടെ റീച്ചാര്‍ജ് കാര്‍ഡുകളിലെ നമ്പറുകള്‍ തട്ടിപ്പിലൂടെ കൈക്കലാക്കി ഖത്തറിലെ ഏഷ്യന്‍ തൊഴിലാളികള്‍ക്ക് നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ കേസിലാണ് അറസ്റ്റ്.
ഇന്റര്‍നെറ്റ് വഴി തന്റെ രാജ്യത്തെ ഒരു ഹാക്കറുമായി സഹകരിച്ചാണ് റീചാര്‍ജ് കൂപ്പണിലെ നമ്പറുകള്‍ കൈക്കലാക്കിയതെന്ന് ഇയാള്‍ അന്വേഷണ ഏജന്‍സിയോട് വ്യക്തമാക്കി. ഇങ്ങനെ ലഭിച്ച റീച്ചാര്‍ജ് കാര്‍ഡുകളുടെ നമ്പറുകള്‍ ചേര്‍ത്ത് പുതിയ കൂപ്പണുകള്‍ വ്യാജമായി അച്ചിടിച്ചാണ് ഇയാള്‍ വിതരണം ചെയ്തത്. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ പരസ്യം ചെയ്താണ് ഇത് വില്‍പ്പന നടത്തിയത്. വിദേശ കോളുകള്‍ക്കായുള്ള ഈ റീച്ചാര്‍ജ് കാര്‍ഡുകള്‍ മൊബൈല്‍ കമ്പനികള്‍ നിശ്ചയിച്ചതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കിയാണ് ഇയാള്‍ വില്‍പ്പന വ്യാപിപ്പിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.