റിയാദ്: പതിനൊന്ന് രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഭരണത്തിലെ പ്രമുഖരെ അറസ്റ്റ് ചെയ്ത് ലോകത്തെ ഞെട്ടിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യം പുതിയ സൗദി !
അറബ് രാജ്യങ്ങളുടെ ഉപരോധം വകവെയ്ക്കാതെ വികസന മേഖലയില്‍ കുതിക്കുന്ന കൊച്ചു ഖത്തറിന്റെ ഭരണാധികാരി തമീം ബിന്‍ ഹമദ് അല്‍താനിയെയാണ് സൗദി കിരീടാവകാശി ഏറെ ഭയപ്പെടുന്നത്.
ഖത്തര്‍ സ്വാധീനം ‘സൗദി’ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളിലെ ജനങ്ങളെയും സ്വാധീനിച്ചു തുടങ്ങിയതോടെ ബദല്‍ സ്വീകരിക്കുകയല്ലാതെ സൗദിക്ക് മുന്നില്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.
സ്വദേശിവല്‍ക്കരണത്തിനുള്ള നിതാഖാത് പദ്ധതിക്ക് തുടക്കമിട്ട മുന്‍ തൊഴില്‍ മന്ത്രിയും ഇപ്പോഴത്തെ സാമ്പത്തിക, ആസൂത്രണ മന്ത്രിയുമായ ആദില്‍ ഫഖീഹും പുറത്താക്കപ്പെട്ട പത്തിലേറെ മന്ത്രിമാരില്‍ ഉള്‍പ്പെട്ടത് പുതിയ ഭരണാധികാരിയുടെ നിലപാടു ‘മാറ്റത്തിന്റെ’ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
നവ പാതയിലേക്ക് രാജ്യത്തെ നയിക്കാന്‍ ‘സൗദി വിഷന്‍ 2030’ നു രൂപം നല്‍കിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രായം 33 മാത്രമാണ്.
ജനസംഖ്യയില്‍ 70 ശതമാനവും 30 വയസ്സില്‍ താഴെയുള്ള രാജ്യത്തെ, ഖത്തറിനോട് താരതമ്യം ചെയ്യുന്നത് പോലും ഇദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമല്ല.
എന്നാല്‍ കര്‍ശനമായ മതചിട്ട നടപ്പാക്കുന്ന സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുമതി, വനിതാ ദിനാഘോഷം, സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളില്‍ സ്ത്രീ പ്രവേശനം, രക്ഷാകര്‍തൃ സമ്പ്രദായത്തില്‍ ഇളവ്, ഉദ്യോഗസ്ഥരുടെ യാത്ര സുഗമമാക്കാനും കുട്ടികളെ നോക്കാനും പ്രത്യേക സംവിധാനം തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണം ഖത്തര്‍ എഫക്ട് തന്നെയാണെന്നതാണ് യാഥാര്‍ത്ഥ്യം.
ഇതു കൂടാതെ വിനോദ, വ്യാപാര, പ്രതിരോധ മേഖലകളിലും വലിയ തോതിലുള്ള നിക്ഷേപത്തിനും പുതിയ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്.
34 രാജ്യങ്ങളുമായി സൗദി നേതൃത്വത്തില്‍ ഇസ്ലാമിക് മിലിറ്ററി അലയന്‍സ്, ഊര്‍ജിത സ്വദേശിവല്‍ക്കരണം, മൂല്യവര്‍ധിത നികുതി, തുടങ്ങിയവയും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പദ്ധതികളാണ്.
പരസ്യമായി അംഗീകരിക്കുന്നില്ലെങ്കിലും ഖത്തറാണ് ഇപ്പോള്‍ സൗദിയില്‍ മാറ്റത്തിന് വഴി തുറന്നിരിക്കുന്നതെന്നാണ് ജനങ്ങള്‍ രഹസ്യമായാണെങ്കില്‍ പോലും പറയുന്നത്.
146 ലക്ഷം ഡോളറാണ് ഖത്തറിലെ പ്രതിശീര്‍ഷ വരുമാനം.
ലോകത്തെ ഏറ്റവും അധികം കോടീശ്വരന്‍മാരുള്ള രണ്ടാമത്തെ രാജ്യവും ഖത്തറാണ്.
വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ ലോകരാജ്യങ്ങളോട് കിടപിടിക്കും ഖത്തര്‍. ലോക റാങ്കിങ്ങില്‍ ജപ്പാന് തൊട്ടു പുറകില്‍ നാലാം സ്ഥാനമുണ്ട്.
ആരോഗ്യ ഗുണനിലവാരത്തില്‍ അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും ലോക നിലവാരത്തില്‍ ആറാം സ്ഥാനവും ഖത്തറിനാണ്. ഗ്ലോബല്‍ കോം പിറ്റിറ്റീവ് നെസ്സ് റിപ്പോര്‍ട്ടില്‍ ഇടം നേടിയ ആദ്യ രാജ്യം, ആഗോള തലത്തില്‍ 12-ാം സ്ഥാനം.
തൊഴിലില്ലായ്മ ഇവിടെ വലിയ പ്രശ്‌നമല്ല. അറബ് ഉപരോധത്തിനിടയിലും പിടിച്ചു നില്‍ക്കുന്ന ഖത്തറില്‍ ആറരലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഖത്തര്‍ ജനസഖ്യയുടെ ഇരട്ടിയോളം വരും ഇതെന്ന് പറഞ്ഞാല്‍ ഞെട്ടാതിരിക്കാനാവില്ല.
കേരളത്തിന്റെ അത്ര പോലും വലുപ്പമില്ലാത്ത ഈ കൊച്ചു രാജ്യത്തിന്റെ ആസ്തി കേട്ടാല്‍ ബോധക്ഷയം വരും.
ഏറ്റവും വലിയ അറബ് ബാങ്ക് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 52,000 കോടി റിയാലാണ് ആസ്തി.
മുപ്പതിനായിരം കോടി ഡോളറിന്റെ സോവ റീന്‍ ഫണ്ട് ആണ് ഖത്തറിന് ഉള്ളത്. 38 രാജ്യങ്ങളിലായിട്ടാണിത്.
അറബ് രാജ്യങ്ങളില്‍ ഏറ്റവും അധികം പണം ശാസ്ത്ര പരീക്ഷണ മേഖലകളില്‍ ചിലവഴിക്കുന്നതും ഖത്തറാണ്.
ലോകത്തില്‍ തന്നെ ഏറ്റവും വളര്‍ച്ചയുള്ള വിമാന കമ്പനി, ഏറ്റവും മികച്ച വിമാനത്താവളം ഹമദ്, ലോകത്തെ പ്രമുഖ വാര്‍ത്താ ചാനലായ അല്‍ ജസീറ എന്നിവയും ഖത്തറിലാണ്.
ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലെ കൂറ്റന്‍ ടവറുകളില്‍ 28 ശതമാനവും ഖത്തറിന്റേതാണ്.
ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗത്തില്‍ ലോകത്ത് തന്നെ നമ്പര്‍ വണ്‍ രാജ്യം.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് രംഗത്ത് ഏറെ മുന്നോട്ട് പോകാനും പ്രകൃതി വാതക ഉത്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് എത്താനും ഖത്തറിന് മാത്രമാണ് കഴിഞ്ഞത്.
ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക പാടം പങ്കിടുന്നത് ഖത്തറും ഇറാനും ചേര്‍ന്നാണ്. 900 ട്രില്യണ്‍ ക്യൂബിക് ഫീറ്റ് ഖത്തറിനുണ്ട്. അടുത്ത 140 വര്‍ഷത്തേക്ക് ഇത് ധാരാളമാണ്.
പെട്രോള്‍ കെമിക്കല്‍ ഉത്പാദനത്തിലും ഖത്തര്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്താണ്.
സ്വന്തം പൗരന്‍മാര്‍ക്ക് വെള്ളവും വൈദ്യുതിയും സൗജന്യമാക്കുക മാത്രമല്ല ഒരു തരത്തിലുള്ള നികുതി ഭാരവും ഇവിടെ അടിച്ചേല്‍പ്പിക്കുന്നുമില്ല.
അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകത്ത് ഇരുപതാമത്തെ സ്ഥാനമാണ് ഖത്തറിനുള്ളത്.
ഖത്തറിന്റെ ഈ പെരുമ ‘പൊളിച്ചെഴുതാന്‍’ സ്വന്തം രാജ്യത്ത് രാജകുടുംബാംഗങ്ങളെയടക്കം അകത്താക്കി പുതിയ ഒരു ഇമേജ് സൃഷ്ടിക്കാനാണ് സൗദി കിരീടാവകാശി ശ്രമം തുടങ്ങിയിരിക്കുന്നത്.
ജനങ്ങളില്‍ വിശ്വാസം നേടിയെടുക്കുന്നതോടൊപ്പം ലോകരാജ്യങ്ങള്‍ക്കിടയില്‍ ‘ഹീറോ’ ചമയലും മുഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യമാകാമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖന്‍ ശതകോടിശ്വരന്‍ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മകന്‍ മിതെബ് ബിന്‍ അബ്ദുള്ള രാജാവിന്റെ മകനടക്കം നാല് മന്ത്രിമാരെയും പുറത്താക്കിയിട്ടുണ്ട്.
പൊതുമുതല്‍ സംരക്ഷിക്കാനും അഴിമതിക്കാരെ ശിക്ഷിക്കാനുമാണ് നടപടികളെന്ന് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഭരണത്തിലെ അഴിമതിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധം തണുപ്പിക്കാന്‍ ആരും നിയമത്തിന് അതീതരല്ലെന്ന് ബോധ്യപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടാണ് അറസ്റ്റ്.
‘ഖത്തറില്‍ ജനിച്ചിരുന്നെങ്കില്‍’ എന്ന് സൗദി പൗരന്മാര്‍ അടക്കം ഉപരോധക്കാരായ അറബ് രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായം ഉയരുന്നതിനെയും ഗൗരവമായാണ് സൗദി ഭരണകൂടം കാണുന്നത്.
ഇപ്പോള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പോലും ഫിഫ ലോകകപ്പ് വേദി ഖത്തറില്‍ നിന്നും മാറ്റിക്കാന്‍ ഉദ്ദേശിച്ചാണെന്നാണ് പറയപ്പെടുന്നത്.
സൗദിയെയും മറ്റ് അറബ് രാഷ്ട്രങ്ങളെയും അപേക്ഷിച്ച് സ്വന്തം പൗരന്മാര്‍ക്കായാലും വിദേശ പൗരന്മാര്‍ക്കായാലും ഏറ്റവും അധികം സ്വാതന്ത്ര്യം നല്‍കുന്ന മുസ്ലീം രാജ്യമാണ് ഖത്തര്‍.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് കുടിശ്ശിക ഇല്ലെന്ന് ഉറപ്പു വരുത്താന്‍ ഖത്തര്‍ ഭരണകൂടം അടുത്തയിടെ വര്‍ക്കേഴ്‌സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷൂറന്‍സ് ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ഖത്തര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ മറ്റ് അറബ് രാജ്യങ്ങളിലെ ജനങ്ങളെ സ്വാധിനിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ സൗദി അറബ് രാഷ്ട്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരമ്പരാഗത വേഷങ്ങള്‍ പോലും ഇടയ്ക്ക് മാറ്റി പൂര്‍ണമായും ന്യൂജനറേഷനായി പൊതു വേദിയില്‍ പ്രത്യക്ഷപ്പെടാറുള്ള ഭരണാധികാരിയാണ് 37-കാരനായ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി.
ചെറുപ്പക്കാരായ രണ്ട് ഭരണാധികാരികള്‍ തമ്മിലുള്ള ‘മത്സരം’ അറബ് മേഖലയെ ഏത് തരത്തില്‍ ബാധിക്കുമെന്നതാണ് ലോക രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.