ഖത്തറിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി

ദോഹ:ഖത്തറിലെ ഏതാനും സ്വകാര്യ സ്‌കൂളുകള്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഫീസ് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ ആകെ സ്‌കൂളുകളില്‍ എട്ട് ശതമാനത്തിനാണ് അനുമതി ലഭിച്ചത്. ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ വര്‍ധനവ് മാത്രമാണ് ട്യൂഷന്‍ ഫീസ് ഇനത്തില്‍ അനുവദിച്ചതെന്നും സ്വകാര്യ സ്‌കൂള്‍ വിഭാഗം അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍ നഹ്മ പറഞ്ഞു.

ഫീസ് വര്‍ധനവ് ആവശ്യപ്പെട്ട് നിരവധി സ്വകാര്യ സ്‌കൂളുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ആവശ്യം വിശദമായി പരിശോധിച്ച ശേഷം ന്യായമാണെന്ന് ബോധ്യപ്പെട്ട സ്‌കൂളുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി, പുതിയ കെട്ടിടങ്ങള്‍ പണിയുകയോ പുതുക്കുകയോ ചെയ്തതിനുള്ള ചെലവ്, സ്‌കൂള്‍ കാംപസ് മറ്റൊരിടത്തേക്ക് മാറ്റിയതിനാലുള്ള ചെലവ്, കെട്ടിട വാടകയിലുണ്ടായ വര്‍ധനവ് തുടങ്ങിയ മതിയായ കാരണങ്ങള്‍ പരിഗണിച്ചാണ് ഏതാനും സ്‌കൂളുകള്‍ക്ക് ട്യൂഷന്‍ ഫീസില്‍ വര്‍ധന അനുവദിച്ചത്. ഫീസ് വര്‍ധനയ്ക്കായി മുന്നോട്ടുവച്ച കാരണങ്ങള്‍ മന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ തെളിവുകളില്ലാത്ത നിരവധി സ്ഥാപനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതായും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അറിയിച്ചു.

 

 

Top