വാഷിംഗ്ടണ്‍: തീവ്രവാദികളെ മുന്‍നിര്‍ത്തി നിഴല്‍ യുദ്ധം അനുവദിക്കില്ലെന്ന് ക്വാഡ് സംയുക്തപ്രസ്താവന. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ ചേര്‍ന്ന ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ഉച്ചകോടിയിലാണ് പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചുള്ള പ്രസ്താവന പുറത്തു വന്നത്.
ഒരു രാജ്യത്തെയും ആക്രമിക്കാന്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കരുത്. ഭീകരര്‍ക്ക് പരിശീലനവും പണവും അഫ്ഗാനിസ്ഥാന്‍ വഴി നല്‍കരുതെന്നും ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഭീകരസംഘടനകള്‍ക്ക് ഒരു രാജ്യവും സൈനിക സഹായം നല്കരുതെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ ക്വാഡ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ സഹകരിച്ച് നീങ്ങാനും ഉച്ചക്കോടിയില്‍ ക്വാഡ് രാജ്യങ്ങള്‍ ധാരണയിലെത്തി.
അഫ്ഗാനിലെ സാധാരണന പൗരന്‍മാര്‍ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നതെന്നും, അഫ്ഗാനിസ്ഥാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും അതിനുള്ള സൗകര്യമൊരുക്കാന്‍ തയ്യാറാവണമെന്ന് താലിബാനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു, അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും അവരുടെ എല്ലാ സ്വാതന്ത്രവും അവകാശവും ഉറപ്പാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നെന്നും ക്വാഡ് സംയുക്തമായി വ്യക്തമാക്കി.
വൈറ്റ് ഹൗസില്‍ ചേര്‍ന്ന ക്വാഡ് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ സംസാരിക്കാന്‍ ജോ ബൈഡന്‍ ആദ്യം ക്ഷണിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. അഫ്ഗാനിസ്ഥാനിലെ സാഹചര്യം തന്നെയാണ് ഉച്ചക്കോടിയില്‍ പ്രധാനമായും ചര്‍ച്ചയായതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും അറിയിച്ചു.