ഭോപ്പാലില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ 1000 പേര്‍ക്കുള്ള ക്വാറന്റീന്‍ കേന്ദ്രം

ഭോപ്പാല്‍: രാജ്യത്തിലെ കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ മോട്ടിലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ക്വാറന്റീന്‍ കേന്ദ്രം ആരംഭിച്ചു. 1000 പേര്‍ക്കുള്ള ക്വാറന്റീന്‍ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മാധവ് സേവക് കേന്ദ്രവുമായി ചേര്‍ന്നാണ് ക്വാറന്റീന്‍ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഇവിടെ 1000 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് കൊവിഡ് ചികിത്സ ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു കേന്ദ്രം തുടങ്ങിയത്. ഓക്‌സിജന്‍ ആവശ്യമായി വരുന്ന രോഗികള്‍ക്ക് അതിനുള്ള സൗകര്യവും ഇവിടെ നിന്ന് ലഭിക്കും. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ചേര്‍ന്നാണ് ഈ ക്വാറന്റീന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. സെന്ററിലെ ബിഗ് സ്‌ക്രീനില്‍ രാമായണം, മഹാഭാരതം പരമ്പരകള്‍ പ്രദര്‍ശിപ്പിക്കും.

മഹാമൃത്യുഞ്ജയ മന്ത്രം, ഗായത്രീ മന്ത്രം തുടങ്ങിയവകള്‍ എപ്പോഴും ഇവിടെ കേള്‍പ്പിച്ചുകൊണ്ടിരിക്കും. ആവശ്യമുള്ളവര്‍ക്ക് യോഗ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, വെള്ളം ചൂടാക്കാനുള്ള സൗകര്യം തുടങ്ങി മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നുണ്ട്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, എപിജെ അബ്ദുല്‍ കലാം തുടങ്ങിയ മഹാരഥന്മാരുടെ പേരുകളില്‍ പ്രത്യേകം വാര്‍ഡുകളായി തിരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

Top