ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തെത്തിച്ച പ്രവാസികളില്‍ നിന്ന് ഈടാക്കിയത് ഭീമമായ ക്വാറന്റൈന്‍ വാടകയെന്ന് ആരോപണം. ചെലവേറിയ ഹോട്ടലുകളില്‍ 14 ദിവസം നീണ്ട ക്വാറന്റൈന്‍ തുക മുഴുവന്‍ പ്രവാസികള്‍ വഹിക്കേണ്ടി വന്നു എന്നാണ് ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ ഉദ്ധരിച്ചാണ് ഹിന്ദുസ്താന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
60കാരനായ മുന്‍ സര്‍ക്കാര്‍ ജോലിക്കാരനും ഒപ്പമുണ്ടായിരുന്ന മറ്റ് 50 യാത്രക്കാരും സാന്താക്രൂസിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരുക്കിയ ക്വാറന്റൈന്‍ സൗകര്യത്തിനായി 87,000 രൂപ വീതം നല്‍കേണ്ടി വന്നൂവെന്നാണ് ആരോപിക്കുന്നത്.ഒപ്പം, ഭാര്യക്കും തനിക്കുമായി വിമാന ടിക്കറ്റ് ഉള്‍പ്പെടെ 2 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവഴിക്കേണ്ടി വന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
വൃക്കരോഗമുള്ള മറ്റൊരാളുടെ കൈയ്യില്‍ നിന്ന് 63000 രൂപ ക്വാറന്റൈനു വേണ്ടി ചെലവാക്കിയെന്നാണ് മറ്റൊരു ആരോപണം. വീട്ടില്‍ നിന്ന് 15 മിനിട്ടുകള്‍ മാത്രം അകലെയാണ് ഞാന്‍. ഹൃദ്രോഗികളായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായാണ് താന്‍ ലണ്ടനില്‍ നിന്ന് എത്തിയതെന്നും അദ്ദേഹം പറയുന്നു.ലോ റിസ്‌ക് പാസഞ്ചര്‍ ആണെന്ന് വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടും തന്നെ വീട്ടിലേക്ക് പോവാന്‍ അനുവദിച്ചില്ലെന്നാണ് 32കാരിയായ യുവതിയുടെ പരാതി.
അതേ സമയം, ലണ്ടനിലുള്ള വിമാനം ഇറങ്ങിയ സമയത്ത് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്ന് ബിഎംസി അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ അതൊക്കെ പരിഹരിച്ചിട്ടുണ്ട്. ഒരു ഹോട്ടലില്‍ വേണ്ടത്ര മുറികള്‍ ഒഴിവില്ലാതായതോടെ ഒരു സംഘം യാത്രക്കാരെ അതേ വാടകയില്‍ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. 14 ദിവസത്തെ വാടക ഒറ്റയടിക്ക് നല്‍കേണ്ടി വന്നുവെന്ന് ചിലര്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാല് തവണകളായി തുക ഈടാക്കാന്‍ ഹോട്ടല്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.