വര്‍ക്കല: ആരോഗ്യ പ്രവര്‍ത്തകരെന്ന വ്യാജേന വീട്ടിലെത്തിയ സംഘം പ്രവാസിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൊല്ലം ജില്ലയിലെ മേല്‍വട്ടൂര്‍ ബിസ്മില്ല ഹൗസില്‍ അമീറാണ് ആക്രമത്തിന് ഇരയായാത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി കേരളത്തില്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന തരത്തില്‍ എത്തിയ സംഘം യുവാവിനെ വീടിനകത്ത് നിന്നും തട്ടിക്കൊണ്ടുപോയത്.
അബുദാബിയില്‍ നിന്നും നാട്ടിലെത്തിയ അമീര്‍ കൊവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി ഹോം ക്വാറന്റീനില്‍ കഴിഞ്ഞു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ 17 ന് വൈകുന്നേരം 4.30 ഓടെ ആരോഗ്യപ്രവര്‍ത്തകരെന്ന് പരിചയപ്പെടത്തി കാറിലെത്തിയ സംഘം അമീറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു
കൊറോണ വൈറസ് സാമ്പിളെടുക്കണമെന്ന് പറഞ്ഞാണ് അമീറിനെ ഇവര്‍ കാറിലേക്ക് കയറ്റിയത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കായിരുന്നു അമീറിനേയും കൊണ്ട് സംഘം പോയത്. ആശുപത്രിക്ക് മുന്നില്‍ എത്തിയതോടെ കാര്‍ നിര്‍ത്തി, അമീറിനെ മാത്രം കാറിലിരുത്തി ലോക്ക് ചെയ്തിട്ട് മറ്റ് രണ്ടുപേര്‍ പുറത്തിറങ്ങി ആശുപത്രിയിലേക്ക് പോയി.
അല്‍പസമയത്തിന് ശേഷം തിരികെയിത്തിയ ഇവര്‍ പിന്നീട് ഡോക്ടര്‍മാര്‍ ഇല്ലെന്നും രാത്രി എത്തിയാല്‍ മതിയെന്ന് ആശുപത്രിയില്‍ നിന്ന് പറഞ്ഞതായും വിശ്വസിപ്പിച്ച് അമീറിനെ തിരികെ വീട്ടിലെത്തിച്ചു. ടെസ്റ്റിന് പോകാന്‍ രാത്രി തയ്യാറായി നില്‍ക്കണമെന്നും പറഞ്ഞായിരുന്നു സംഘം മടങ്ങിയത്.
രാത്രി എട്ടരയോടെ വീണ്ടും ബിസ്മില്ല ഹൗസില്‍ എത്തിയ സംഘം അമീറിനെ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിലേക്കെന്നും പറഞ്ഞ് പുറപ്പെട്ട സംഘം വര്‍ക്കല കിളിത്തട്ടുമുക്കിലെത്തിയപ്പോള്‍ വാഹനം തിരിച്ച് മേല്‍വെട്ടൂര്‍ ഭാഗത്തേക്ക് അമിതവേഗത്തില്‍ പോയപ്പോള്‍ സംശയം തോന്നിയ അമീര്‍ ചോദ്യം ചെയ്തു.
വെട്ടൂരില്‍ ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് മേല്‍വെട്ടൂര്‍ അല്ലാഹു അക്ബര്‍ വീട്ടില്‍ സാദിഖ് ഹംസയുടെ വീട്ടില്‍ അമീറിനെ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് ക്രൂരമായ മര്‍ദ്ദനമാണ് അമീറിന് നേരിടേണ്ടി വന്നത്. കൈകാലുകള്‍ ബന്ധിച്ച ശേഷമായിരുന്നു മര്‍ദ്ദനം.
ഹംസ വിവാഹം കഴിച്ച ഒരു സ്ത്രീയുടെ മൂത്ത മകളെ അഞ്ചു വര്‍ഷം മുമ്പ് അമീര്‍ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഈ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ഇതിനിടെ അമീറിന്റെ ഫോണില്‍ നിന്നും പെണ്‍കുട്ടിയുടെ നമ്പറിലേക്ക് വിളിക്കാനും സംഘം ആവശ്യപ്പെട്ടു.
ഫോണ്‍ വിളിക്കുന്നതിനായി കൈയിലെ കെട്ടഴിക്കുന്നതിനിടെ അമീര്‍ ഇവരെ തള്ളിമാറ്റി ഓടി വീടിന്റെ രണ്ടാം നിലയിലെത്തുകയും ടെറസിനോട് ചേര്‍ന്ന് ചാഞ്ഞ് നിന്ന തെങ്ങിലൂടെ ഇറങ്ങി രക്ഷപ്പെടുകയുമായിരുന്നു. അമീറിന്റെ പരാതിയില്‍ ഹംസയെ പൊലീസ് കസ്റ്റഡിയിലെടുത്തു.