ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തി ഇന്ത്യ. തിങ്കളാഴ്ച മുതല്‍ നിബന്ധന നിലവില്‍ വരും. ഇന്ത്യയിലേക്ക് വരുന്നതിന് മുന്‍പും ശേഷവും ആര്‍ടിപിസിആര്‍ പരിശോധനയും നിര്‍ബന്ധമാണ്. എട്ട് ദിവസത്തെ ക്വാറന്റീന് ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബ്രിട്ടന്‍ നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പുതിയ നടപടി.
നേരത്തെ, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചാലും ക്വാറന്റീന്‍ വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചിരുന്നു. ബ്രിട്ടന്റെ നിര്‍ബന്ധിത നടപടിയില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശിഖ്ള പ്രതികരിച്ചിരുന്നു. ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനയം സ്വീകരിക്കുമെനന്നായിരുന്നു ഇന്ത്യയുടെ നിലപാട്.
ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് കൊവിഷീല്‍ഡ് സ്വീകരിച്ചവരാണെങ്കിലും ബ്രിട്ടണിലെത്തിയാല്‍ 10 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കണമെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്. അതേസമയം ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതുപോലെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ആസ്ട്ര സെനകയുടെ വാക്സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ബ്രിട്ടന്‍ നിഷ്‌കര്‍ഷിക്കുന്നില്ല.