പ്രവര്‍ത്തനം നിര്‍ത്തി വെച്ച കോഴിക്കോട് ജില്ലയിലെ ക്വാറികള്‍ക്ക് വീണ്ടും പ്രവര്‍ത്തനാനുമതി

കോഴിക്കോട് : മഴയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തി വെച്ച കോഴിക്കോട് ജില്ലയിലെ ക്വാറികള്‍ക്ക് വീണ്ടും പ്രവര്‍ത്തനാനുമതി. അംഗീകാരമുള്ള ക്വാറികള്‍ക്കാണ് അനുമതി നല്‍കിയത്. നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തീരുമാന പ്രകാരം അംഗീകാരമുള്ള എല്ലാ ക്വാറികള്‍ക്കും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടരാം.

മന്ത്രി ടിപി രാമകൃഷ്ണനും ജില്ലയിലെ ജനപ്രതിനിധികളും ജില്ലാകലക്ടര്‍ അദ്ധ്യക്ഷനുമായ ജില്ലാവികസന സമിതി യോഗത്തിലാണ് തീരുമാനം. മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നില്ലെന്ന് യോഗത്തില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടിയിരുന്നു.

തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും പുനര്‍നിര്‍മ്മാണത്തിനും ആവശ്യമായ സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു. കനത്ത പ്രളയത്തെ തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണവും പരിസ്ഥിതി ചൂഷണവും വലിയ വാര്‍ത്തയാകുന്ന സാഹചര്യത്തിലാണ് ക്വാറികള്‍ക്ക് വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കുന്നത്.

Top