ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും

ത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും ഇന്ന് കളത്തിലിറങ്ങും. ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ, നെതർലൻഡ്സ് ആണ് അർജന്റീനയുടെ എതിരാളികൾ .ബ്രസീൽ-അർജന്റീന സ്വപ്നസെമി മനസിൽ കാണുന്നവരുണ്ട്. കാൽപന്താരാധകരുടെ ചങ്കും കരളുമായ ഇരു ടീമുകളും നേർക്കുനേർ വരുമോ എന്ന് ഇന്ന് അറിയാം. ക്വാര്‍ട്ടര്‍ ഫൈനലിൽ ഇന്ന് ബ്രസീലിന് മുന്നിലുളളത് നിലവിലെ റണ്ണേഴ്സ് അപ്പുകളായ ക്രോയേഷ്യയാണ്. അ‍ര്‍ജന്റീനയെ വെല്ലുവിളിക്കാൻ എത്തുന്നത് കരുത്തരായ നെതര്‍ലൻഡ്സും.

ഖത്തറിൽ അവശേഷിക്കുന്ന ലാറ്റിൻ അമേരിക്കൻ പ്രതിനിധികളാണ് ഇരുവരും. ഫൈനലിലേക്ക് ഓരാൾക്ക് മാത്രമേ എത്താൻ കഴിയൂ. അത് ആരായിരിക്കും. അതോ ക്വാർട്ടറിൽ വഴി അടയുമോ. 2002ന് ശേഷം ഓരു ലാറ്റിൻ അമേരിക്കൻ സംഘത്തിന് ലോകകപ്പ് ഉയർത്താൻ കഴിഞ്ഞിട്ടില്ല. പഴയ പ്രതാപം വീണ്ടെടുക്കാൻ വെമ്പുന്നുണ്ട് ബ്രസീലും, അ‍ർജന്റീനയും.

ലോകകപ്പിൽ ഇതുവരെ നാല് തവണയാണ് ബ്രസീലും-അ‍ജന്റീനയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. രണ്ട് തവണ ബ്രസീൽ ജയിച്ചു. ഒരു ജയം അര്‍ജന്റീന നേടിയപ്പോൾ ഒരു മത്സരം സമനിലയായി. 32 വര്‍ഷം മുൻപ് ഇറ്റലിയിൽ നടന്ന ലോകകപ്പിലായിരുന്നു ഇരുവരും അവസാനം ഏറ്റുമുട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിന് അന്ന് അ‍ജന്റീന ജയിച്ചു.

ബ്രസീലും-അ‍ര്‍ജന്റീനയും സെമിയിലേക്ക് മുന്നേറിയാൽ അത് ചരിത്രമാകും. ഖത്തര്‍ ലോകകപ്പ് ഫൈനലിന് മുൻപ് ഒരു സ്വപ്ന പോരാട്ടം. പ്രതീക്ഷകൾ തകിടം മറിഞ്ഞില്ലെങ്കിൽ ഡിസംബര്‍ 14ന് രാത്രി 12.30 രാത്രി ഫുട്ബോളിന്റെ തമ്പുരാക്കൻമാര്‍ നേര്‍ക്കുനേര്‍ വരും.

Top