വാഷിങ്ടൺ: ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് ചോദ്യം ചോദിച്ചതിൽ പ്രതിഷേധിച്ച് പ്രെസ് മീറ്റില്‍ നിന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇറങ്ങിപ്പോയി. സിലിക്കൻവാലി ബാങ്കിന്റെ തകർച്ചയെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. ബൈഡൻ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുന്ന വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഇനി ഇത്തരത്തിൽ സംഭവിക്കില്ലെന്ന് ഉറപ്പു പറയാൻ കഴിയുമോ?എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. എന്നാൽ ഈ ചോദ്യത്തിന് മറുപടി പറയാതെ ബൈഡൻ തിരിഞ്ഞു നടക്കുകയായിരുന്നു. മറ്റു ബാങ്കുകളെ ബാധിക്കുമോ എന്നുള്ള മറ്റൊരു മാധ്യമപ്രവർത്തകന്റേയും ചോദ്യം നിരസിച്ചു കൊണ്ട് മുറിക്കു പുറത്തേക്കു പോവുകയായിരുന്നു ബൈഡൻ. വൈറ്റ് ഹൗസിന്റെ യു ട്യൂബ് ചാനലിലായിരുന്നു വീഡിയോ പുറത്തുവിട്ടത്. നാൽപ്പത് ലക്ഷത്തിന് മുകളിലാണ് വീഡിയോയുടെ കാഴ്ച്ചക്കാർ. അതേസമയം, കമന്റ് ബോക്സ് ഓഫാക്കിയ നിലയിലായത് കൂടുതൽ പ്രതികരണങ്ങൾക്ക് ഇടവരുത്തുകയായിരുന്നു.
“Can you assure Americans that there won’t be a ripple effect? Do you expect other banks to fail?”
BIDEN: *shuts door* pic.twitter.com/CNuUhPbJAi
— RNC Research (@RNCResearch) March 13, 2023
ഇത് ആദ്യമായല്ല ജോ ബൈഡൻ വാർത്താസമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോവുന്നത്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചൈനയിലെ ചാരബലൂൺ സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴും ബൈഡന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ബൈഡൻ ഇറങ്ങിപ്പോവുകയായിരുന്നു.
നിലവിൽ അമേരിക്ക ബാങ്കിങ് തകർച്ച നേരിടുകയാണ്. സിഗ്നേച്ചർ ബാങ്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. എന്നാൽ നിക്ഷേപം സുരക്ഷിതമാണെന്നും ആശങ്ക വേണ്ടെന്നും ബൈഡൻ പറഞ്ഞിരുന്നു. സിലിക്കൻ വാലി ബാങ്കിലും സിഗ്നേച്ചർ ബാങ്കിലും നിക്ഷേപം നടത്തിയവർക്ക് തിങ്കഴാഴ്ച്ച മുതൽ പണം പിൻവലിക്കാമെന്നും ബൈഡൻ ഉറപ്പ് നൽകിയിട്ടുണ്ട്.