വാട്‌സാപ്പ് വഴി ചോദ്യ പേപ്പര്‍ ചോര്‍ച്ച; സ്ഥിരീകരിക്കാതെ വിദ്യാഭ്യാസ മന്ത്രി

ravindranath

തിരുവനന്തപുരം: സംസ്ഥാന ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്ട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയെ കുറിച്ച് സ്ഥിരീകരിക്കാതെ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ചോദ്യപേപ്പറിലെ ചില സമാന ചോദ്യങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.

ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. 21- ബുധനാഴ്ച നടത്തിയ ഫിസിക്‌സ് പരീക്ഷ ചോദ്യപേപ്പര്‍ പരീക്ഷയ്ക്കു തൊട്ടു മുമ്പ് വാട്ട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചതായാണു പരാതി.

തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് വാട്ട്‌സ് ആപ്പ് വഴി ചോദ്യപേപ്പര്‍ ലഭിക്കുകയും തുടര്‍ന്ന് അദ്ദേഹം അതു ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ക്ക് തുടര്‍നടപടിക്കായി അയച്ചു നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ചോദ്യപേപ്പര്‍ പകര്‍ത്തി എഴുതി തയാറാക്കിയ രീതിയിലായിരുന്നു വാട്ട്‌സ് ആപ് വഴി പ്രചരിച്ചിരുന്നത്.

Top