ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി വിട്ട് പോകണം ; ആഞ്ഞടിച്ച് സുശീല്‍ മോദി

ന്യൂഡല്‍ഹി :പാര്‍ട്ടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ബിജെപി എംപിയും മുന്‍കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി വിടണമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി. ശത്രുഘ്‌നന്‍ സിന്‍ഹ നേരത്തെ തന്നെ പാര്‍ട്ടി വിട്ട യശ്വന്ത് സിന്‍ഹയുടെ സ്വാധീനത്തിലാണെന്നുമാണ് സുശീല്‍ മോദി ആരോപിക്കുന്നത്.

പാര്‍ട്ടിയെക്കുറിച്ച് എത്ര മോശമായ ഭാഷയിലാണ് സിന്‍ഹ ഉപയോഗിക്കുന്നത്. എന്ത് ഭാഷയാണ് ഉപയോഗിക്കുന്നത്. എന്നിട്ടും അദ്ദേഹം പറയുന്നു ബിജെപിയിലാണെന്ന്. സിന്‍ഹ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകണം സുശീല്‍ മോദി പറഞ്ഞു.

നാളുകളായി പ്രധാനനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശകനാണ് ശത്രുഘ്‌നന്‍ സിന്‍ഹ. പാര്‍ട്ടിയെയും മോദിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന സിന്‍ഹയെ ഇതുവരെ പാര്‍ട്ടി പുറത്താക്കത്തതെന്തെന്ന് വളരെ നാളായി നിരീക്ഷിക്കുകയാണ് പലരും.

അതേസമയം ബിജെപിയിലെ വണ്‍മാന്‍ ഷോയും ടു മാന്‍ ആര്‍മി ഭരണവും അവസാനിപ്പിച്ചാല്‍ മാത്രമേ പാര്‍ട്ടി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് വളരൂവെന്നും, നിലവിലെ പാര്‍ട്ടിയുടെ ചെയ്തികളില്‍ യുവാക്കളും കര്‍ഷകരും വ്യാപാരികളുമെല്ലാം അതൃപ്തരാണെന്നും, ഗുജറാത്ത് ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ഇത് വലിയ തിരച്ചടിയാകുമെന്നും മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു.

എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി തുടങ്ങിയ നേതാക്കളെ പാര്‍ട്ടി അകറ്റി നിര്‍ത്തിയതിന്റെ കാരണം മനസിലാകുന്നില്ലെന്നും, ഒരു കുടുംബം പോലെയുള്ള പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്നമുണ്ടായാല്‍ അത് പരിഹരിക്കാനുള്ള ശ്രമം എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിയില്‍ നിന്ന് പുറത്ത് പോകാന്‍ താന്‍ പാര്‍ട്ടി അംഗമല്ലെന്നും, പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വണ്‍മാന്‍ ഷോയ്ക്കും ടു മാന്‍ ആര്‍മി ഭരണത്തിനുമെതിരെ നിലപാട് മയപ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് പാര്‍ട്ടി വിടുന്നെന്ന വാര്‍ത്തയോട് അദ്ദേഹം പ്രതികരിച്ചത്.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ തൊഴില്‍ നഷ്ടത്തെ നിഷേധിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും, ജിഎസ്ടി ഗുണഭോക്താക്കള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാര്‍ മാത്രമാണെന്നും, അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിട്ടും ഇവിടെ മാത്രം ഉയരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

മുന്‍കൂട്ടി അനുമതി വാങ്ങാതെ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ വാര്‍ത്ത നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കിയ രാജസ്ഥാന്‍ സര്‍ക്കാരിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു.

Top