ചെന്നൈ: അണ്ണാ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറിക്കു സാധ്യത.
എടപ്പാടി കെ. പളനിസാമി മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പാര്‍ട്ടി വിടുമെന്ന മുന്നറിയിപ്പു നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
അണ്ണാ ഡിഎംകെ നേതൃത്വവുമായുള്ള പ്രശ്‌നങ്ങളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നേതാക്കളെ എത്തിച്ചത്. കൂടാതെ മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവുമായി ചേര്‍ന്ന് മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നു നേതാക്കള്‍ വ്യക്തമാക്കി.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ.ശശികലയും അനന്തരവന്‍ ടി.ടി.വി.ദിനകരനും രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനങ്ങള്‍ ഒഴിയണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. രാജിവയ്ക്കുന്നെങ്കില്‍ അതാണു നല്ലത്. ഇല്ലെങ്കില്‍ ഞങ്ങള്‍ മറ്റു നടപടികളിലേക്കു നീങ്ങും. ആ തീരുമാനത്തില്‍നിന്ന് ഒരിക്കലും പിന്നോട്ടില്ലെന്നും മന്ത്രിമാരിലൊരാള്‍ പറയുന്നു.
പാര്‍ട്ടി ചിഹ്നമായ ‘രണ്ടില’ വീണ്ടും സ്വന്തമാക്കണമെന്നും അമ്മ തുടക്കം കുറിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നുമാണ് ഞങ്ങളുടെ ആഗ്രഹം. ശശികലയും കുടുംബവും പാര്‍ട്ടിയില്‍നിന്ന് അകന്നാല്‍ മുന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ നേതൃത്വത്തിലുള്ളവര്‍ തിരിച്ചുവരുമെന്നാണ് കരുതുന്നത്. അവര്‍ക്ക് നേതൃത്വവുമായി മാത്രമാണ് പ്രശ്‌നങ്ങളുള്ളത്. പനീര്‍സെല്‍വത്തിനും പാര്‍ട്ടിയെ രക്ഷിക്കണമെന്ന ആഗ്രഹമാണുള്ളത്. അമ്മയുടെ കാലത്തെപ്പോലെ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.