സാമ്പത്തിക സംവരണ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

rajyasabha

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടാണ് ബില്‍ അവതരിപ്പിച്ചത്. ഈ ബില്‍ രാജ്യത്തെ ദരിദ്രരെ ഉയര്‍ത്തിപ്പിടിക്കുമെന്ന പരിഗണനയോടെ എടുത്ത തീരുമാനമാണിതെന്നും ബില്‍ അവതരിപ്പിച്ച്‌ക്കൊണ്ട് മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട് പറഞ്ഞു.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ബില്ലില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണി വരെ നിര്‍ത്തിവെച്ചു. വോട്ടിങും ബില്‍ അവതരണവും ഒരു ദിവസം സാധിക്കില്ലെന്നും ബില്‍ പൂര്‍ണമല്ലെന്നും എന്താണ് നിങ്ങള്‍ക്ക് ഇത്ര ധൃതിയെന്നും കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രി ചോദിച്ചു.

ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. ബില്‍ തടയുന്നതിന് കോണ്‍ഗ്രസ് സാങ്കേതിക പ്രശ്‌നങ്ങളുയര്‍ത്തുകയാണെന്ന് ബിജെപി എംപി വിജയ് ഗോയല്‍ പറഞ്ഞു. നിങ്ങള്‍ ബില്ലിനെ തുറന്ന് എതിര്‍ക്കുകയാണെങ്കില്‍ അത് വ്യത്യസ്തമാണ്. അതല്ലങ്കില്‍ ബില്‍ ഇതിനകം അവതരിക്കപ്പെട്ടതിനാല്‍ നമുക്ക് ചര്‍ച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു.

Top